കൊച്ചി: ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്കി ഹോട്ടലുകള്‍ സ്റ്റാര്‍ പദവി നേടിയെടുത്തതായി സിബിഐ. കേരളത്തില്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സിബിഐ തെരച്ചില്‍ ആരംഭിച്ചു. ചെന്നെയിലെ ഇന്ത്യ ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കി ഹോട്ടലുകള്‍ സ്റ്റാര്‍ പദവി നേടിയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യ ടൂറിസം ചൈന്നൈ റീജ്യണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്സ്, അസിസ്റ്റന്റ് ഡയറക്ടര്‍ രാമകൃഷ്ണ എന്നിവര്‍ക്കാണ് ഹോട്ടല്‍ ഉടമകള്‍ കോഴ നല്‍കിയത്. കേരളത്തിലെ ഹോട്ടലുകളും ഏജന്റുമാരുടെ വീടുകളും കേന്ദ്രീകരിച്ച് സിബിഐ റെയ്ഡ് പുരോഗമിക്കുകയാണ്. സഞ്ജയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തെരച്ചില്‍ നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സിബിഐ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ ഇതുവരെ 55 ലക്ഷം രൂപ കണ്ടെടുത്തു.
അതേസമയം അടിസ്ഥാന സൗകര്യം പോലമില്ലാത്ത ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇടനിലക്കാര്‍ വഴിയാണ് കോഴ കൈമാറിയിട്ടുള്ളത്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയാണ്. സംസ്ഥാനത്തെ നിരവധി ഹോട്ടലുകളാണ് ഇത്തരത്തില്‍ അന്വേഷണം നേരിടുന്നത്.
ചെന്നൈയിലുള്ള ഇന്ത്യ ടൂറിസത്തിന്റെ റീജണല്‍ ഓഫീസാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും നക്ഷത്ര പദവി നല്‍കുന്നത്. ഒരു മാസത്തോളമായി ഉദ്യോഗസ്ഥരേയും ഏജന്റുമാരേയും നിരീക്ഷിച്ച് വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ സഞ്ജയ് വാട്സിന് ചെന്നൈയിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് വരുന്ന വഴിയില്‍ വെച്ച് സിബിഐ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്റ്റാര്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് സഞ്ജയ് വാട്സിനും, രാമകൃഷ്ണയും കേരളത്തിലെ ഹോട്ടലുകള്‍ പരിശോധിച്ച് വരികയായിരുന്നു. ഇവരില്‍ നിന്ന് കണ്ടെടുത്ത ഐ ഫോണില്‍ നിന്ന് ഏജന്റുമാര്‍ ബന്ധപ്പെട്ടതിന്റേയും മറ്റു കോഴ ഇടപാടിന്റേയും വിശദാംശങ്ങള്‍ സിബിഐക്ക് ലഭിച്ചു.
രണ്ടുപേരും ഭാര്യമാരുടെ അക്കൗണ്ടുകളിലേക്കാണ് കോഴ പണം മാറ്റിയിരുന്നത്. ഇത് കൂടാതെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും അനധികൃത സ്വത്തുള്ളതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ ഇവരുടെ വസതികളിലും മറ്റും സിബിഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയതായാണ് വിവരം. ഇവരെ പ്രതിചേര്‍ത്ത് സിബിഐയുടെ അന്വേഷണം നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: