ന്യൂദല്‍ഹി: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി)യുടെ യുവജന വിഭാഗം അധ്യക്ഷന്‍ വഹീദ് പരായെ ഭീകരവാദ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടെ അടുത്ത അനുയായിയാണ് ഇയാള്‍. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ നവീദ് ബാബു ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് എന്‍ഐഎയുടെ നടപടി. ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തുവെന്ന കുറ്റമാണ് വഹീദിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉയര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഒപ്പം ഹിസ്ബുള്‍ മുജാഹിദീന്‍ കാമന്ഡറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ പങ്കുണ്ടെന്നും സംശയിക്കുന്നു. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു. തുടര്‍ന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ‘ചോദ്യം ചെയ്യലില്‍ നവീന്‍ ബാബുവുമായുള്ള ബന്ധം പുറത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ട്രാന്‍സിറ്റ് റിമാന്‍ഡിനായി ഇയാളെ ഡല്‍ഹിയില്‍ ഹാജരാക്കും. തുടര്‍ന്ന് ജമ്മുവിലേക്ക് കൊണ്ടുപോകും’.- ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
തീവ്രവാദ ഭീഷണി നേരിടുന്ന പുല്‍വാമ ഉള്‍പ്പെടെ, തെക്കന്‍ കാശ്മീരില്‍ പിഡിപിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് പരാ. ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് മത്സരിക്കാന്‍ നാമനിര്‍ദേശവും സമര്‍പ്പിച്ചിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ 28ന് നടക്കാനിരിക്കെയാണ് അറസ്റ്റ്.
ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ രണ്ടു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കവേ പിടിയിലായ ഡിവൈഎസ്പി ഹരീന്ദര്‍ സിംഗിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് വഹീദിന്റെ പങ്ക് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. എന്നാല്‍ വഹീദിന് ഇയാളുമായി ബന്ധമില്ലെന്നും കേസില്‍ പെടുത്തിയതാണെന്നും മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. പിഡിപിയെയും ജമ്മു കാശ്മീരിലെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളെയും ഭീഷണപ്പെടുത്താനും വിലപേശാനും വേണ്ടിയാണ് ഇതെല്ലാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: