തിരുവനന്തപുരം : മന്ത്രി കെ.ടി. ജലീലിന്റ ഗവേഷണ പ്രബന്ധം പരിശോധിക്കാതെ ക്ലീന്‍ചിറ്റ് നല്കിയ കേരള സര്‍വകലാശാലയുടെ നടപടി വിവാദത്തില്‍. മന്ത്രി സമര്‍പ്പിച്ച പ്രബന്ധത്തില്‍ തെറ്റുകളും വ്യാകരണ പിശകുകളുമുണ്ടെന്ന് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇത് കേരള വിസിയുടെ പരിശോധനയ്ക്കായി നല്‍കുകയായിരുന്നു. എന്നാല്‍ ഗവേഷണ പ്രബന്ധം പരിശോധിക്കുക പോലും ചെയ്യാതെ സര്‍വകലാശാല ക്ലിന് ചിറ്റ് നല്‍കിയിരിക്കുന്നത്.
ഗവേഷണ ബിരുദം ചട്ടപ്രകാരം നല്‍കിയതാണെന്നാണ് കേരള സര്‍വകലാശാല നല്കിയ മറുപടിയില്‍ പറയുന്നത്. എന്നാല്‍ ബിരുദത്തിന് നേരെ ഇതുവരെ ആരോപണമൊന്നും ഉന്നയിച്ചിട്ടില്ല. പ്രബന്ധത്തില്‍ തെറ്റുകളുണ്ടെങ്കില്‍ പൂര്‍ണമായും തിരുത്തിയതിനുശേഷം മാത്രമേ സര്‍വ്വകലാശാല ബിരുദം നല്കുവാന് പാടുള്ളൂവെന്നതാണ് ചട്ടം. എന്നാല്‍ ഈ പ്രബന്ധങ്ങള്‍ പില്ക്കാലത്ത് ഗവേഷണ വിദ്യാര്‍ത്ഥികള്‍ റഫറന്‍സിന് ഉപയോഗിക്കുമ്പോള്‍ പ്രസ്തുത തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കുന്നതിന് വേണ്ടിയാണ് തെറ്റുകള്‍ പരിഹരിക്കണമെന്ന നിബന്ധന മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും പരിശോധിക്കാന്‍ തയ്യാറാകാതെയാണ് സര്‍വ്വകലാശാലയുടെ ഈ നടപടി.
കേരള സര്‍വകലാശാലയില്‍ നിന്നും 2006ലാണ് ജലീല്‍ ഡോക്ടറേറ്റ് ബിരുദം നേടിയത്. മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസലിയാരുടെയും പങ്കിനെ കുറിച്ചായിരുന്നു ജലീലിന്റെ പ്രബന്ധം. അതേസമയം ഡോക്ടറേറ്റ് ബിരുദത്തിനായി സമര്‍പ്പിക്കുന്ന പ്രബന്ധം സര്‍വകലാശാല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നാണ് യുജിസിയുടെ വ്യവസ്ഥ. എന്നാല്‍ ബിരുദം നേടി ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മന്ത്രിയുടെ പ്രബന്ധം സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ല.
കൂടാതെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രബന്ധം പരിശോധിക്കുവാന്‍ അദ്ദേഹം തന്നെ പ്രോ ചാന്‍സിലറായ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറെ ചുമതലപ്പെടുത്തിയ ഗവര്‍ണറുടെ നടപടിയും യുക്തിസഹമല്ല. ഇതില്‍ ദുരൂഹതയുണ്ടെന്നും. ഇക്കാര്യത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഗവര്‍ണര്‍ക്ക് നല്കിയ പരാതില്‍ സേവ് യൂണിവേഴ്സിറ്റി ക്യാംപയിന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സുദീര്‍ഘമായ പ്രബന്ധത്തില്‍ അക്ഷരത്തെറ്റ് സ്വാഭാവികമാണെന്നാണ് ജലീല്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: