തിരുവനന്തപുരം: നാളെ രാഷ്ട്രീയ പ്രേരിതമായി നടക്കുന്ന പണിമുടക്കില്‍ കേരള എന്‍ജിഒ സംഘ് പങ്കെടുക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശും അറിയിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവര്‍ കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയെ തകര്‍ച്ചയുടെ വക്കിലേക്ക് നയിച്ചവരാണ്.
പങ്കാളിത്ത പെന്ഷന് പുനഃപരിശോധിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയിട്ട് യാതൊന്നും ചെയ്യാത്തവര്‍ കേന്ദ്രത്തിനോട് എന്‍പിഎസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത് പരിഹാസ്യമാണ്. സ്വകാര്യവത്കരണവും, കരാര്‍വത്കരണവും, കണ്സള്ട്ടന്സിരാജും പ്രധാന അജണ്ടയായി കേരളത്തില്‍ നടപ്പിലാക്കുന്നവര്‍ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്.
മോദി സര്‍ക്കാരിനെ എതിര്‍ക്കുകയെന്ന രാഷ്ട്രീയ അജണ്ടയെ മുന്‍നിറുത്തി നടത്തുന്ന പണിമുടക്ക് ജീവനക്കാരും അധ്യാപകരും, പൊതുസമൂഹവും തള്ളിക്കളയണമെന്നും എന്‍ജിഒ സംഘ് നേതാക്കള്‍ അവശ്യപ്പെട്ടു. പണിമുടക്കില്‍ പങ്കെടുക്കാത്തവര്‍ക്ക് ആവശ്യമായ സുരക്ഷ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തണമെന്നും എന്‍ജിഒ സംഘ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: