തിരുവനന്തപുരം: പൈപ്പിന് വേണ്ടി കുഴിച്ച നഗരസഭാ റോഡിലെ ചെളിക്കുണ്ടില്‍ ആമ്പുലന്‍സ് താഴ്ന്നതു കാരണം ഹൃദ്രോഗി യഥാസമയം ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കുടുംബത്തിന് 50,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കാനാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. ഏക മകളുടെ വിവാഹത്തിന് തലേന്നാണ് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട അമ്മ തമലം കാട്ടാംവിള റോഡില്‍ താമസിച്ചിരുന്ന അനിതകുമാരി ചികിത്സ കിട്ടാതെ മരിച്ചത്. 2018 മേയ് 12 നായിരുന്നു മരണം സംഭവിച്ചത്.
കമ്മീഷന് ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. അനിതകുമാരിക്ക് നെഞ്ചു വേദന അനുഭവപ്പെട്ടപ്പോള്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കുള്ള വഴി ആമ്പുലന്‍സിന് സഞ്ചരിക്കാന്‍ കഴിയാത്ത വിധം പരിതാപകരമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം ഒന്നര മണിക്കൂര്‍ നെഞ്ചു വേദന അനുഭവപ്പെട്ട രോഗിയുമായി ആമ്പുലന്‍സ് റോഡില്‍ കിടന്നു.
അനിതകുമാരിയുടെ ഭര്‍ത്താവായ പരാതിക്കാരന് കെ. വിജയ കുമാര്‍ സെക്യൂരിറ്റി ജോലിക്കാരനായിരുന്നു. അനിതകുമാരിയുടെ മരണത്തിന് ശേഷം റോഡ് പുതുക്കി പണിതു. കാട്ടാംവിള റോഡിന്റെ പരിതാപകരമായ അവസ്ഥ കാരണമാണ് തന്റെ ഭാര്യ മരിച്ചതെന്ന് പരാതിക്കാരന് വാദിച്ചു. മുഖ്യമന്ത്രിയുടെ ഭുരിതാശ്വാസ നിധിയില്‍ നിന്നും 50,000 രൂപ നേരത്തെ അനുവദിച്ചിരുന്നതായി പരാതിക്കാരന് കമ്മീഷനെ അറിയിച്ചു. അതു കൂടാതെ 50,000 രൂപ അനുവദിക്കാനാണ് കമ്മീഷന് ഉത്തരവായത്. ബിപിഎല്‍ വിഭാഗക്കാരനാണ് പരാതിക്കാരന്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കമ്മീഷന് ഉത്തരവ് നല്‍കിയത്. പരാതിക്കാരന് ഇപ്പോള്‍ താമസിക്കുന്നത് നേമം കല്ലിയൂരിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: