Categories: Editorial

അഴിമതിവാഴ്ചയുടെ അരമന രഹസ്യങ്ങള്‍

ധികാരത്തിനുവേണ്ടി വിരുദ്ധ ചേരികളില്‍നിന്ന് മത്സരിക്കുന്ന ഇടതുജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. കെ.എം. മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തല്‍ തങ്ങളുടെ ഭരണകാലത്തെ അഴിമതികള്‍  ഒതുക്കിത്തീര്‍ക്കാന്‍ ഇടതു-വലതു മുന്നണികള്‍ ഒത്തുകളികള്‍ നടത്തുന്നത് എത്ര ലാഘവബുദ്ധിയോടെയാണെന്ന് കാണിച്ചുതരുന്നു. ബാര്‍ കോഴ കേസില്‍ പ്രതിയായ മാണി മുഖ്യമന്ത്രി പിണറായിയുടെ വീട്ടില്‍ പ്രഭാത ഭക്ഷണത്തിനെത്തിയതോടെ കേസ് ആവിയായിപ്പോവുകയായിരുന്നുവെന്നാണ് ബിജു രമേശ് പറഞ്ഞിരിക്കുന്നത്. മാണിയുടെ അപേക്ഷ പരിഗണിച്ച് കേസ് അവസാനിപ്പിക്കാന്‍ പോലീസിന് പിണറായി അപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവത്രേ. അന്നത്തെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും മുന്‍ മന്ത്രി കെ.ബാബുവുമടക്കം കോഴ കൈപ്പറ്റിയതിന്റെ വിവരങ്ങളും ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വെറും കെട്ടുകഥയല്ല. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഉള്ളറ രഹസ്യങ്ങള്‍ അറിയാവുന്ന ബിജുവിന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ടതില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അധികാര തുടര്‍ച്ച ലഭിക്കാതെ പോയതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ബാര്‍ കോഴ കേസായിരുന്നു. യുഡിഎഫ് ഭരണകാലത്ത് മദ്യനിരോധനം വേണമെന്ന ആവശ്യം ഉയര്‍ത്തിയ വി.എം. സുധീരനെ കടത്തിവെട്ടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു നല്‍കാമെന്നേറ്റ് ബാറുടമകളില്‍നിന്ന് ധനമന്ത്രിയായിരുന്ന മാണി അടക്കമുള്ളവര്‍ കോടികള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. കോഴപ്പണം കൈപ്പറ്റാന്‍ മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നുവരെ ആക്ഷേപമുയര്‍ന്നു. മന്ത്രിസ്ഥാനം രാജിവയ്‌ക്കാതിരുന്ന കെ.എം.മാണിയെ കോഴ മാണിയെന്നും, തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗത്തെക്കാള്‍ തൊലിക്കട്ടിയുള്ളയാളെന്നുമാണ് അന്ന് പ്രതിപക്ഷമായിരുന്ന സിപിഎം പരിഹസിച്ചത്. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ നിയമസഭ തല്ലിത്തകര്‍ക്കുകയും ചെയ്തു. അധികാരം കിട്ടിയപ്പോള്‍ ഇതേ ആളുകളാണ് മാണിക്കെതിരായ കേസ് അട്ടിമറിച്ചതെന്നു വരുമ്പോള്‍ യാതൊരു മടിയുമില്ലാതെ ജനവഞ്ചന നടത്തുകയാണ് ഇക്കൂട്ടരെന്ന് തെളിയുന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മറ്റും ആരോപണവിധേയരായ സോളാര്‍ അഴിമതിക്കേസിലും ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിച്ചതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇടതു-വലതു മുന്നണികള്‍ പുറമേക്കു പ്രകടിപ്പിക്കുന്ന രാഷ്‌ട്രീയ എതിര്‍പ്പുകള്‍ വെറും തട്ടിപ്പാണെന്നും അഴിമതിക്കേസുകളിലെ ഒത്തുതീര്‍പ്പുകള്‍ സ്വയം വിളിച്ചു പറയുന്നു. ഇതിന്റെ ഭാഗമാണ് മാണിയുടെ മകന്‍ ജോസ് ഇടതുമുന്നണിയില്‍ എത്തിയിരിക്കുന്നത്.

തന്റെ അടുത്തയാളാണെന്നു പറഞ്ഞ് ആരെങ്കിലും രംഗപ്രവേശം ചെയ്താല്‍ അതും ഒരു അഴിമതിയാണെന്നും, ഇത്തരം അവതാരങ്ങളെ കരുതിയിരിക്കണമെന്നും പറഞ്ഞ് അധികാരമേറ്റയാളാണ് പിണറായി വിജയന്‍. ഇതേ ആളാണ് സംസ്ഥാന രാഷ്‌ട്രീയത്തെ  ഇളക്കിമറിച്ച ഒരു അഴിമതിക്കേസ്, അതില്‍ പ്രതിയായ വ്യക്തിയുടെ ആവശ്യപ്രകാരം അട്ടിമറിച്ചതെന്ന വെളിപ്പെടുത്തല്‍ വളരെ ഗുരുതരമാണ്. അഴിമതിയുടെ കാര്യത്തില്‍ മറ്റ് അവതാരങ്ങള്‍ ആവശ്യമില്ലെന്നും, എല്ലാം താന്‍ തന്നെ ആയിക്കൊള്ളാമെന്നുമായിരിക്കാം പിണറായി ഉദ്ദേശിച്ചത്. പിണറായി വിജയന്റെ സത്യസന്ധത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. സിപിഎമ്മിന്റെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞുവീഴുകയുമാണ്. ബാര്‍ കോഴ കേസും സോളാര്‍ കേസുമൊക്കെ അട്ടിമറിച്ചതിന്റെ ബലത്തിലാവാം സ്വര്‍ണ കള്ളക്കടത്തും ലൈഫ് മിഷനും കെ-ഫോണും ഇ-ബസുമുള്‍പ്പെടെയുള്ള അഴിമതികള്‍ പിണറായി സര്‍ക്കാര്‍ നടത്തിയത്. പിണറായിയും മറ്റും പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി ഈ അഴിമതികള്‍ക്കെതിരെയുള്ള പ്രതിഷേധം അതിരുവിടുന്നു എന്നുവന്നപ്പോഴാണ് ബാര്‍ കോഴ കേസും സോളാര്‍ കേസുമൊക്കെ പുനരുജ്ജീവിപ്പിക്കുന്നതെന്നു വേണം മനസ്സിലാക്കാന്‍. അഴിമതിയാണ് ഇടതു-വലതു മുന്നണികളുടെ ചാലക ശക്തി.  രണ്ടു കൂട്ടരെയും അധികാരത്തിനു പുറത്തുനിര്‍ത്തുകയെന്നതു മാത്രമാണ് സംസ്ഥാനത്ത് അഴിമതി അവസാനിപ്പിക്കാനുള്ള മാര്‍ഗം. അതിനുള്ള ഇച്ഛാശക്തി ജനങ്ങള്‍ പ്രകടിപ്പിക്കണം. തെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കുകയും വേണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക