കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതോടെ ദേശീയ ശ്രദ്ധയിലേക്ക് മാറിയ അസം സ്വദേശിനി മുണ്മി ഗൊഗോയിക്ക് ഫലമറിയുന്നതിന് മുന്നേ ആദ്യ വിജയം.
അസമില്‍ നിന്നും ഇരിട്ടിയുടെ മരുമകളായി എത്തി ഒറ്റമുറി വാടകവീട്ടില്‍ താമസിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ മുണ്മിയുടെ വാര്‍ത്ത മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പെട്ട സുരേഷ് ഗോപി എംപിയാണ് ഇവരുടെ വീടെന്ന സ്വപ്നത്തിന് വാഗ്ദാനത്തിലൂടെ നിറം പകര്‍ന്നത്. വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട സുരേഷ്ഗോപി ഇവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനാവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് ജില്ലയിലെ നേതാക്കളെ അറിയിക്കുകയായിരുന്നു. പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും ഇതിനായുള്ള സാമ്പത്തിക സഹായം കൈമാറുക.
ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി, ബിജെപി മണ്ഡലം പ്രസിഡന്റ് എം.ആര്. സുരേഷ്, വൈസ് പ്രസിഡന്റ് സി. ബാബു കീഴൂര്‍കുന്ന്, സെക്രട്ടറി പ്രിജേഷ് അളോറ, മനോഹരന് വയോറ എന്നിവര്‍ തിങ്കളാഴ്ച ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി മുണ്മിയേയും ഭര്‍ത്താവ് സജേഷിനെയും ഈ വിവരം അറിയിച്ചു. വിവരം അറിയിച്ചതോടെ തങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ് സഹായ വാഗ്ദാനം നല്കിയ സുരേഷ് ഗോപിക്കുള്ള തങ്ങളുടെ നന്ദി നേതാക്കളെ അറിയിക്കുകയും ചെയ്തു.
ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡ് വികാസ് നഗറിലാണ് മുണ്മി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ചെങ്കല്‍ ക്വാറി തൊഴിലാളിയായ സജേഷ് ഏഴു വര്‍ഷം മുന്‍പാണ് ഇവരെ വിവാഹം കഴിക്കുന്നത്. സ്വന്തമായി ഒരു സെന്റ് സ്ഥലം പോലുമില്ലാത്ത സജേഷ് ഭാര്യക്കും രണ്ട് പെണ് മക്കള്‍ക്കുമൊപ്പം ഊവാപ്പള്ളിയിലെ ഒറ്റമുറി വാടക വീട്ടിലാണ് താമസം. ഇതിനിടയില്‍ എത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇരിട്ടി നഗരസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതാണ് മുണ്മിയുടെയും കുടുംബത്തിന്റെയും ജീവിതം മാറ്റി മറിച്ചിരിക്കുന്നത്. അസമീസിനും, ഹിന്ദിക്കും പുറമേ മലയാളവും അനായാസം ഇവര്‍ സംസാരിക്കാന്‍ പഠിച്ചു. മലയാളത്തിലെ അച്ചടി, ദൃശ്യമാധ്യമങ്ങള്‍ക്ക് പുറമെ ദേശീയ ചാനലുകളായ എഎന്‍ഐ, സിഎന്‍എന്‍, റിപബ്ലിക് ടിവി തുടങ്ങിയ ദേശീയ മാധ്യമങ്ങളും ഇവരുടെ വാര്‍ത്ത പുറത്തുവിട്ടതോടെ മുണ്മിയും ഇരിട്ടി നഗരസഭയും ദേശീയ ശ്രദ്ധയിലേക്ക് മാറുകയായിരുന്നു. ഇതിനിടയിലാണ് സുരേഷ് ഗോപി എംപിയുടെ കാരുണ്യ ഹസ്തവും ഇവരെ തേടി എത്തിയിരിക്കുന്നത്. മുണ്മിയുടെ തെരഞ്ഞെടുപ്പ് വിജയം കൂടി എത്തിയാല്‍ ഇരിട്ടി നഗരസഭയും വികാസ് നഗര്‍ വാര്‍ഡും ചരിത്രത്തിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: