പോത്തന്‍കോട്: ഒരു സുപ്രഭാതത്തില്‍ സ്ഥാനാര്‍ത്ഥിയായതിന്റെ ഞെട്ടല്‍ ഇതുവരെയും അനില്‍കുമാറിന് മാറിയിട്ടില്ല. പത്രിക പൂരിപ്പിച്ചതുമില്ല, നോമിനേഷന് നല്‍കിയതുമില്ല, പക്ഷേ അണ്ടൂര്‍ക്കോണം വാഴവിള കിളച്ചുവിള വീട്ടില്‍ അനില്‍ കുമാര്‍ പി.എസ്. അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ കീഴാവൂര്‍ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി. നാട്ടുകാര്‍ പറഞ്ഞാണ് അനില്‍ വിവരമറിയുന്നത്. അന്വേഷിച്ചപ്പോള്‍ വീണ്ടും ഞെട്ടി. ലോണ്‍ ആവശ്യത്തിനായി സഹകരണ ബാങ്കിന് നല്കിയ രേഖകള്‍ ദുരുപയോഗം ചെയ്താണ് അനില്‍കുമാറിന്റെ പേരില്‍ നോമിനേഷന് നല്‍കിയത്. ഇതേത്തുടര്‍ന്ന് ബാങ്ക്ജീവനക്കാരന് മധുസൂദനന്നായര്ക്കെതിരെ അനില്‍കുമാര്‍ പരാതി നല്കി.
കീഴാവൂര്‍ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് വരണാധികാരിക്ക് മുന്നില്‍ അനില്‍കുമാര്‍ അറിയാതെ ആള്‍മാറാട്ടം നടത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് അപരനാക്കിയാണ് അനില്‍കുമാറിന്റെ പേരില്‍ സിപിഎം പ്രവര്ത്തകന് കൂടിയായ മധുസൂദനന് നാമനിര്‍ദേശം നല്‍കിയത്.
കീഴാവൂര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍കുമാര്‍ സ്വന്തം പേരില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി ഉണ്ടെന്നറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. അന്വേഷണത്തിലാണ് അനിലിനെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രികയില്‍ നിര്‍ദേശിച്ചിരിക്കുന്നതും സ്ഥാനാര്‍ത്ഥിക്ക് പകരക്കാരനായി വരണാധികാരിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തതും അണ്ടൂര്‍കോണം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ മധുസൂദനന്‍നായര്‍ ആണെന്ന് കണ്ടെത്തിയത്. ലോണ്‍ ആവശ്യത്തിനായി സഹകരണ ബാങ്കില്‍ നല്‍കിയിരുന്ന ഫോട്ടോയും ഒപ്പും ഉപയോഗിച്ചാണ് അട്ടിമറി നടത്തിയതെന്ന് കരുതുന്നതായി അനില്‍കുമാര്‍ പറഞ്ഞു. വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും വരണാധികാരിക്കും മംഗലപുരം പോലീസിനും അനില്‍കുമാര്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: