തിരുവനന്തപുരം: വിവാദ പൊലീസ് നിയമഭേദഗതി പിന്‍വലിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തി പ്രതിഷേധത്തിനൊടുവിലാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്. ഉച്ചതിരിഞ്ഞ് 3.30ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. പ്രതിഷേധം ശക്തമായതോടെ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിലും ഇടതുമുന്നണിയിലും എതിര്‍പ്പുകള്‍ കടുത്തതോടെ രണ്ടുദിവസംകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പിന്മാറ്റം. നിയമഭേദഗതി നടപ്പാക്കില്ലെന്നും നിയമസഭയില്‍ ചര്‍ച്ച നടത്തിയും ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയും തുടര്‍ നടപടി തീരുമാനിക്കുമെന്നായിരുന്നു ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചത്.
ഭേദഗതി പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിലെ ഭേദഗതി തത്ക്കാലം നടപ്പാക്കില്ല. ഭേദഗതി അനുസരിച്ചു കേസുകളും രജിസ്റ്റര്‍ ചെയ്യില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നല്‍കിയതുള്‍പ്പെടെ ഹര്‍ജികളാണ് ഡിവിഷന് ബഞ്ച് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: