കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യ ട്രസ്റ്റ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പല ഗഡുക്കളായി നല്കുന്ന സാഹചര്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് ലക്ഷങ്ങള്‍ അംശാദായം നല്‍കണമെന്ന നിര്‍ദേശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കുടിശികയുള്ള ശമ്പളം സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അംശാദായം നല്‍കണമെന്ന നിര്‍ദേശമെന്ന് ജീവനക്കാര്‍ പറയുന്നു.
ശമ്പള കുടിശിക ട്രസ്റ്റിയാണ് നല്‍കേണ്ടതെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡും ബോര്‍ഡാണ് നല്‍കേണ്ടതെന്ന് ട്രസ്റ്റിയും പറഞ്ഞ് പരസ്പരം കൈയൊഴിയുകയാണെന്നും ആരോപണമുണ്ട്. ഇത്തരമൊരു അവസ്ഥയിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് സാമ്പത്തിക ഞെരുക്കത്തിലാണെന്ന പേരില്‍ സ്വകാര്യ ട്രസ്റ്റികളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങള്‍ ലക്ഷങ്ങള്‍ അംശാദായ കുടിശിക നല്‍കണമെന്ന നിര്‍ദേശം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി തീരാറായി നില്ക്കുമ്പോള് അനധികൃത നിയമനങ്ങള്‍ നടത്തി അധിക സാമ്പത്തിക ബാധ്യത വരുത്തിവച്ചിരിക്കുകയാണ്.
മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചാല്‍ മലബാറിലെ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ബാധ്യത തീര്‍ക്കേണ്ടത് ഇപ്പോള്‍ സ്വകാര്യ ട്രസ്റ്റിമാരുടെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: