കരമന: വെങ്കിട്ടരാമന് വലിയശാലക്കാരനായിരുന്നു. കല്യാണം കഴിച്ചത് കോട്ടയ്ക്കകത്ത് നിന്നും. പിന്നീട് പ്രവര്‍ത്തന മണ്ഡലം കോട്ടയ്ക്കകം ആയി മാറി. എണ്‍പതുകളില്‍ ഭാരതത്തിലാകെയും അലയടിച്ച ഹിന്ദു തരംഗം കേരളത്തില്‍ പ്രത്യേകിച്ച്, തിരുവനന്തപുരത്തും ആഞ്ഞടിച്ചിരുന്ന സമയം. നിലയ്ക്കല്‍ പ്രക്ഷോഭവും ശ്രീപത്മനാഭന് ആറാടുന്ന ശംഖുംമുഖം ആറാട്ട് കടവ് കൈയ്യേറി മാര്‍പാപ്പയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭവും മറ്റും കേരളത്തിലെ ഹിന്ദു ഐക്യത്തിന് ശക്തമായ അടിത്തറയിട്ടു. ഭരണരംഗങ്ങളിലും മറ്റിടങ്ങളിലും പണവും സ്വാധീനവും ഉപയോഗിച്ച് മതന്യൂനപക്ഷങ്ങള്‍ അനര്‍ഹമായ സ്ഥാനങ്ങളില്‍ കയറിപ്പറ്റി ഹിന്ദുമത ദ്രോഹം സ്വീകരിക്കുന്നത് പതിവായിരുന്ന കാലം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം വരെ മതം മാറിയെത്തിയ അഹിന്ദു കൈയ്യടക്കിയത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ട ഗതികേടില്‍ ഹിന്ദു സമൂഹം എത്തപ്പെട്ട കാലത്താണ് ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ നിര്‍ബന്ധിതരായത്. അക്കാലത്താണ് ഫോര്‍ട്ട് വാര്‍ഡിലെ ഹൈന്ദവ പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വെങ്കിട്ടരാമനെ ഹിന്ദുമുന്നണി-ബിജെപി സ്ഥാനാര്‍ത്ഥിയായി നേതൃത്വം പ്രഖ്യാപിച്ചത്.
അന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അന്‍പത് വാര്‍ഡുകളേ ഉണ്ടായിരുന്നുള്ളൂ. അതില്‍ പകുതിയോളം വാര്‍ഡുകളില്‍ മാത്രമേ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ കിട്ടിയിരുന്നുള്ളൂ. അന്ന് ജയിച്ച ആറ് ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് വെങ്കിട്ടരാമനായിരുന്നു. എണ്ണൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സിപിഎം സ്ഥാനാര്‍ത്ഥി ശിവശങ്കരനെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തിരുവനന്തപുരം ഇളകി മറിഞ്ഞു. ആറ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. അവര്‍ നഗരത്തിലാകെ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. വിജയികളായ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കോര്പ്പറേഷന് ഓഫീസില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. പിന്നീട് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയാണ് തങ്ങളെ വീടുകളില്‍ എത്തിച്ചതെന്ന് വെങ്കിട്ടരാമന് ഓര്‍ക്കുന്നു. കൗണ്‍സിലറായതിനു ശേഷവും പക അടങ്ങാത്ത എതിരാളികള്‍ വെങ്കിട്ടരാമന്റെ വീടാക്രമിക്കുകയും അദ്ദേഹത്തിന്റെ അമ്മയെ മര്‍ദിച്ച് താലിമാല പൊട്ടിച്ച് കൊണ്ടു പോകുകയും ചെയ്തു.
താന്‍ കൗണ്‍സിലറായതിനു ശേഷം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം പത്മതീര്‍ത്ഥക്കുളം ശുചീകരിച്ചതാണെന്ന് വെങ്കിട്ടരാമന് ഓര്‍ക്കുന്നു. അന്‍പതു വര്‍ഷത്തിലേറെയായി ശുചീകരിക്കാതെ ദുഷിച്ചു നാറി മാലിന്യവാഹിനിയായി കിടന്നിരുന്ന പത്മതീര്‍ത്ഥക്കുളം ശുചീകരിച്ചത് വെങ്കിട്ടരാമന് ഏറെ പ്രശംസ നേടിക്കൊടുത്തു. പത്മതീര്‍ത്ഥക്കുളം ശുചീകരണ യജ്ഞത്തില്‍ അന്നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്ത് അതൊരു ജനകീയ ഉത്സവമാക്കി മാറ്റിയത് വെങ്കിട്ടരാമന് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റവും കൂടുതല്‍ കുളങ്ങള്‍ ഉള്ള വാര്‍ഡാണ് ഫോര്‍ട്ട്. പത്മതീര്‍ത്ഥക്കുളം ഉള്‍പ്പടെ ഒന്‍പത് കുളങ്ങളാണ് വാര്‍ഡില്‍ ഉള്ളത്. ഒന്‍പത് കുളങ്ങളും തന്റെ കാലത്ത് ശുചീകരിക്കാനായത് വലിയ നേട്ടമായി കരുതുന്നു. വെങ്കിട്ടരാമന് മുമ്പ് വാര്‍ഡില്‍ നിന്നും ജയിച്ച വ്യക്തി ഏതാണ്ട് ഇരുപത് വര്‍ഷത്തോളം രണ്ടു മുന്നണികളിലും മാറി മാറി നിന്ന് ജയിച്ച് കൗണ്‍സിലറായിരുന്നു. എന്നാല്‍ തെരുവുവിളക്കുകള്‍ കത്തിക്കാനോ റോഡുകള്‍ നന്നാക്കാനോ ഒന്നും അദ്ദേഹം ശ്രമിച്ചിരുന്നില്ല. സന്ധ്യ കഴിഞ്ഞാല്‍ കോട്ടയ്കത്തേക്ക് കടക്കാന്‍ പോലും ജനങ്ങള്‍ ഭയപ്പെട്ടിരുന്നു. വെങ്കിട്ടരാമന് കൗണ്‍സിലറായതിനു ശേഷമാണ് കത്താതായ തെരുവുവിളക്കുകള്‍ കത്തിക്കാനും റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കാനും നടപടിയെടുത്തത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെങ്കിട്ടരാമനെ ജനകീയനാക്കി.
ആദ്യമായി രൂപീകരിക്കപ്പെട്ട ജില്ലാ കൗണ്‍സിലിലേക്ക് ചാല ഡിവിഷനില്‍ നിന്നും അദ്ദേഹം മത്സരിച്ചു. തുച്ഛമായ വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. അന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് മുതലെടുത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണമാറ്റമുണ്ടാക്കുന്നതില്‍ ബിജെപി വഹിച്ച പങ്ക് വലുതാണ്. വെങ്കിട്ടരാമന്റെ വര്‍ധിച്ചു വരുന്ന ജനസ്വീകാര്യത മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കണ്ണിലെ കരടാക്കി അദ്ദേഹത്തെ മാറ്റി. തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം നല്കിയ സത്യവാങ്മൂലത്തിലെ സാങ്കേതിക പിഴവ് മുതലാക്കി കേസ് നല്‍കുകയും ജില്ലാ കോടതി വെങ്കിട്ടരാമന്റെ കൗണ്‍സിലര്‍ സ്ഥാനം സ്റ്റേ ചെയ്യുകയും ചെയ്തു. അതിനെതിരെ ഹൈക്കോടതിയില്‍ അപ്പീലു നല്‍കുകയും ഹൈക്കോടതി ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. പക്ഷേ കൗണ്‍സിലില്‍ വോട്ടവകാശം ഉണ്ടായിരിക്കില്ല എന്നാണ് സ്റ്റേ ഓര്‍ഡറില്‍ പറഞ്ഞത്. വോട്ടവകാശം ഇല്ലാത്ത കൗണ്‍സിലില്‍ വെറുതേ നോക്കുകുത്തിയായിരിക്കാന് വെങ്കിട്ടരാമന് തയാറല്ലായിരുന്നു. തുടര്‍ന്ന് അദ്ദേഹം ജോലി തേടി വിദേശത്തേക്ക് പോയി. നീണ്ട മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം അദ്ദേഹം തിരിച്ചെത്തി വീണ്ടും പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഇപ്പോള്‍ ഫോര്‍ട്ട് വാര്‍ഡിലെ ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: