ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിനായി തയാറാക്കിയ ‘കൊവിഷീല്‍ഡ്’ വാക്സിന് 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തല്‍. ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് ലോകത്തിന് പുതുപ്രതീക്ഷയാണ് നല്‍കുന്നത്. ബ്രിട്ടനിലും ബ്രസീലിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരീക്ഷണങ്ങളില്‍ 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഈ വാക്സിന് നിര്‍മ്മിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ വാക്സിന് വിതരണത്തിന് തയാറെടുത്തിരിക്കുകയാണ് സെറം.
ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് വാക്സിന് ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലേക്കും വിതരണം ചെയ്യുക. ഇതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. വാക്സിന് 90 ശതമാനം വരെ ഫലപ്രദമാണെന്ന കാര്യത്തില്‍ സന്തോഷമുണ്ടെന്നും ഉടന്‍ തന്നെ വ്യാപകമായി ലഭ്യമാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡാര്‍ പൂനാവാല ട്വീറ്റ് ചെയ്തു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് 100 കോടി ഡോസ് വാക്സിന് ലോകവ്യാപക ഉപയോഗത്തിനായി നിര്‍മിക്കാനാണ് സെറം ശ്രമിക്കുന്നത്.
‘കൊവിഷീല്‍ഡ്’ വാക്സിന് പരീക്ഷണത്തില്‍ 20,000 വളന്റിയര്‍മാരാണ് പങ്കെടുത്തത്. ഇതില്‍ 131 പേരില്‍ മാത്രമാണ് രോഗബാധയുണ്ടായത്. ഇതാണ് ലോകത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നത്. വാക്സിന്റെ ആദ്യം പകുതി ഡോസും ഒരുമാസത്തെ ഇടവേളയില്‍ മുഴുവന്‍ ഡോസും നല്കിയപ്പോള് 90 ശതമാനം വരെ വാക്സിന് ഫലപ്രദമാണെന്ന് കണ്ടെത്തി. മറ്റൊരു ഡോസേജില്‍ 62 ശതമാനം ഫലപ്രാപ്തിയും ലഭിച്ചു. 70 ശതമാനമാണ് ശരാശരി ഫലപ്രാപ്തിയെന്ന് വാക്സിന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: