ശാസ്താംകോട്ട: ബ്ലോക്കുകളിലും വാര്‍ഡുകളിലും ഒരേ ചിഹ്നത്തില്‍ പ്രചാരണത്തിനിറങ്ങി നേതാക്കള്‍. ആകെ കണ്‍ഫ്യൂഷനായി അണികള്‍ ! കുന്നത്തൂര്‍ മണ്ഡലത്തിലെ മൂന്ന് ഡിവിഷനും വാര്‍ഡും അടക്കം ജില്ലയിലെ പതിനൊന്ന് സ്ഥലത്താണ് കൈപ്പത്തി ചിഹ്നത്തില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ വീതം മത്സരരംഗത്തുള്ളത്. പോസ്റ്റര്‍ അടിച്ച് ബോര്‍ഡുകളും സ്ഥാപിച്ച് ഇവര്‍ പ്രചാരണത്തിന് ഇറങ്ങിയതോടെ വോട്ടര്‍മാര്‍ അതിശയത്തോടെ വീക്ഷിക്കുകയാണ് ഇവരുടെ പ്രചാരണത്തെ !
പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ വിമതനായി മത്സരിക്കുന്നത് പതിവാണ്. പക്ഷേ ആ വിമത സ്ഥാനാര്‍ഥിയേ സ്വതന്ത്രനായേ പ്രഖ്യാപിക്കൂ. ആ വ്യക്തിക്ക് ലഭിക്കുന്നത് സ്വതന്ത്രചിഹ്നവുമായിരിക്കും. എന്നാല്‍ ഇവിടെ സ്ഥിതി അതല്ല. സ്വതന്ത്രരാര്, വിമതരാര് എന്ന് വ്യക്തമാകാത്ത പ്രചരണം.
കുഴപ്പക്കാര്‍ ഈ സ്ഥാനാര്‍ഥികള്‍ അല്ല എന്നാണ് അറിയുന്നത്. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു നല്കിയ കത്താണ് കുഴപ്പമുണ്ടാക്കിയത്. കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും വെവ്വേറെ ലിസ്റ്റാണ് ബിന്ദുകൃഷ്ണയ്ക്ക് നല്‍കിയത്. ഡിസിസി പ്രസിഡന്റാകട്ടെ രണ്ട് കൂട്ടരെയും വെറുപ്പിക്കാതെ രണ്ട് ഗ്രൂപ്പില്‍ നിന്നും ‘കണ്കെട്ട് ‘ നടത്തി ഒരോരുത്തരെ എടുത്തു. എന്നാല്‍ ഗ്രൂപ്പ് സമവാക്യത്തിനപ്പുറം മുന്‍ തീരുമാനപ്രകാരം നിശ്ചയിച്ച പലരും ഡിസിസി പ്രസിഡന്റിന്റെ പട്ടികയില്‍ നിന്നും ഒഴിവായി.
ഒട്ടും അമാന്തിച്ചില്ല. അവര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്കി. മുല്ലപ്പള്ളി രാമചന്ദ്രന് ഒട്ടും വൈകാതെ തീരുമാനമെടുത്ത് ഡിസിസി പ്രസിഡന്റിന് നിര്‍ദേശവും നല്കി. ഒഴിവാക്കപ്പെട്ടവര്‍ക്ക് ചിഹ്നംനല്‍കാനാണ് കെപിസിസി പ്രസിഡന്റിന്റെ ഉത്തരവ്. വിനീതവിധേയയായ ബിന്ദുകൃഷ്ണയ്ക്ക് അതും അംഗീകരിക്കേണ്ടി വന്നു. ഒടുവില്‍ ബ്ലോക്ക് ഡിവിഷനിലും വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ രണ്ട് വീതവുമായി. കഴിഞ്ഞദിവസം മുതല്‍ ഇവര്‍ പ്രചാരണവും തുടങ്ങി. തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ പലതും ഇതിനകം നടത്തിക്കഴിഞ്ഞു. ഇന്നലെ വൈകിയും സ്ഥാനാര്‍ഥി തര്‍ക്കം സംബന്ധിച്ച് തീരുമാനമായില്ലന്നാണ് അറിയുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായ ഇന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരു തീരുമാനമുണ്ടായില്ലങ്കില്‍ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് ‘വടിയെടുക്കേണ്ടി വരും’.
‘ജില്ലയിലെ ചില കെപിസിസി നേതാക്കള്‍ തന്നെ ജില്ലയിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് തടസ്സം നില്‍ക്കുകയാണ്. പൊതു തെരഞ്ഞെടുപ്പില്‍ മൂന്നും നാലും സ്ഥാനത്ത് എത്തിയവരെ കെപിസിസി അപ്പീല്‍ പാനലില്‍ ഉള്‍പ്പെടുത്തിയപ്പോഴെ അതിന്റെ പ്രാധാന്യം നഷ്ടമായി. ജില്ലാ തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തില്‍ അതൃപ്തി ഉള്ളവര്‍ പരാതി നല്കിയാല് ബന്ധപ്പെട്ട ജില്ലാസമിതിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതിന്റെ സാഹചര്യം പഠിച്ച് തീരുമാനിക്കേണ്ടതിന് പകരം സ്വന്തക്കാരായ പരാതിക്കാരെ മാത്രം കേട്ട് തീരുമാനം എടുത്താല്‍ അത് എങ്ങനെ നീതിയാകും…’
എന്‍. അഴകേശന്, മുന്‍ ഡിസിസി പ്രസിഡന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: