കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കുറ്റാന്വേഷണം നടത്തുന്നത് കേരളത്തില്‍, പിണറായി സര്‍ക്കാരിനെതിരെ മാത്രമല്ല. രാജ്യമെമ്പാടും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഇ ഡി അന്വേഷണം നടത്തി കേസെടുക്കുന്നു. എന്നാല്‍ കേരളത്തില്‍ മാത്രമാണ് ഇൗ കള്ളപ്പണ ഇടപാട്സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. അതുകൊണ്ടാണ് ഇ ഡിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടിവരുന്നത്, മന്ത്രിമാരെ ചോദ്യം ചെയ്യേണ്ടിവരുന്നത്, സംസ്ഥാന ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കയറേണ്ടിവരുന്നത്.
‘കിഫ്ബി’യെയും സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും തകര്‍ക്കാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് ശ്രമം നടത്തുകയാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വിലാപം അതുകൊണ്ടുതന്നെ അടിത്തറയില്ലാത്തതാകുന്നു. ദല്‍ഹി, കര്‍ണാടക, രാജസ്ഥാന്, ബീഹാര്‍, തമിഴ്നാട് തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും ഇ ഡിയുടെ അന്വേഷണവും നടപടികളും തുടരുന്നുവെന്നതാണ് വാസ്തവം.
ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 20 വരെ നടന്ന സുപ്രധാന അന്വേഷണ-കേസെടുപ്പ് നടപടികളില്‍ ചിലത് ഇവയാണ്. ഒക്ടോബര്‍ 16: തമിഴ്നാട്ടില്‍ ഗൗതം സിഗാമണി എന്ന ലോക്സഭാംഗത്തിനെതിരെ ഇ ഡി കേസെടുത്തു. 8.6 കോടി രൂപ ഡിഎംകെയുടെ ഈ ലോക്സഭാംഗത്തില്നിന്ന് കണ്ടുകെട്ടി. ഏക്കര്‍കണക്കിന് ഭൂമിയും കണ്ടുകെട്ടിയതില്‍പ്പെടുന്നു. വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നാലു വ്യക്തികളുടെ 27 സ്വത്തുവകകള്‍ കണ്ടുകെട്ടി. 11.05 കോടി രൂപ പിടിച്ചെടുത്തത് ഒക്ടോബര്‍ 21നാണ്. ഒക്ടോബര്‍ 28ന് ആന്ധ്രയില്‍ ഗോദാവരിയിലെ പി.വി. പ്രസാദ് എന്നയാളിന്റെ 7.57 കോടി രൂപയും സ്വത്തുക്കളും കണ്ടുകെട്ടി.
അന്നുതന്നെ രാജസ്ഥാനില്‍ മഹേഷ് ചന്ദ്രശര്‍മയുടെ 12.6 കോടി രൂപ കണ്ടുകെട്ടി. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗമാണ് ശര്‍മ. ഒക്ടോബര്‍ 31ന് ഗുജറാത്തില്‍ ആര്ഡര് ഗ്രൂപ്പ് കമ്പനി ഉടമയുടെ സ്വത്ത് കണ്ടുകെട്ടി. നവംബര്‍ മൂന്നിന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ടോപ്വര്‍ത്ത് ഊര്‍ജ എന്ന കമ്പനിയുടെ 169 കോടി രൂപ ഇ ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസായിരുന്നു.
നവംബര്‍ ആറിന് ബീഹാര്‍ പാട്നയില്‍ ഓംപ്രകാശ് ചൗധരിയെന്ന മുന്‍ മെഡിക്കല്‍ സൂപ്രണ്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 10ന് ഛത്തീസ്ഗഢിലെ റായ്പൂരില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ബാബുലാല്‍ അഗര്‍വാളിന്റെ വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. കര്‍ണാടകയില്‍ വിജയ ബാങ്ക് സീനിയര്‍ മാനേജര്‍ ബി.വൈ. ശ്രീനിവാസിന്റെ സ്വത്തുക്കളും ഇഡി പിടിച്ചെടുത്തു.
നവംബര്‍ 18ന് ഇഖ്ബാല്‍ മിര്ച്ചിയെന്ന ലഹരിവ്യാപാരിയുടെ 203 കോടി രൂപയുടെ ദുബായിലെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. നേരത്തെ ഇയാളുടെ 573 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. പാക്കിസ്ഥാനില്‍ തങ്ങുന്ന, ഇന്ത്യക്കാരന് ഭീകരന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളയാളായിരുന്നു ഇഖ്ബാല്‍ മിര്‍ച്ചി.
നവംബര്‍ 20ന് ഇ ഡിയുടെ ദല്‍ഹി ഘടകവും ബെംഗളൂരു ഘടകവും വിവിധ നടപടികളിലൂടെ ബുഷ് ഫുഡ് ഓവര്‍സീസിന്റെ 750 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. കെപിഎംജി ഇന്ത്യ ലിമിറ്റഡിന്റെയും ബുഷ് കമ്പനിയുടെ നാല് നടത്തിപ്പുകാരുടെയും പേരില്‍ കള്ളപ്പണം വെളുപ്പിക്കലിന് കേസുണ്ട്.
സ്വപ്ന സുരേഷ് എന്ന സ്ത്രീ യുഎഇ കോണ്‍സുലേറ്റ് വഴി നടത്തിയ സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടിച്ചതാണ് കേരളത്തിലെ കേസ്. ജൂണ്‍ മാസത്തില്‍ പിടികൂടിയ ഈ കേസിന്റെ അന്വേഷണത്തില്‍ സ്വപ്നയുടെ ഇടപാടില്‍ കൂടുതല്‍ പേര് ഉണ്ടെന്ന് വ്യക്തമായി. അന്വേഷണത്തില്‍ എം. ശിവശങ്കറിന്റെ കുറ്റം കണ്ടെത്തി. ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. അത് ലൈഫ് മിഷന് മുതല്‍ കിഫ്ബി വരെയുള്ള സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് എന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടു. അങ്ങനെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സെക്രട്ടറിയറ്റിലെത്തിയത്.
മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ പോകുന്നത്. കിഫ്ബിയുടെ സാമ്പത്തിക പ്രവര്‍ത്തനാനുമതി സംബന്ധിച്ച് ആര്‍ബിഐയോട് വിവരം തേടിയത്. ധനമന്ത്രി തോമസ് ഐസക്കിലേക്ക് അന്വേഷണം എത്തുമെങ്കില്‍ അത് ഇ ഡിയുടെ കേരള വിരുദ്ധ നീക്കമല്ല, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നീക്കം മാത്രമാണെന്നാണ് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: