സിഎജി എന്ന, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പദവിയുടെ അധികാരവും അവകാശവും ഇന്ത്യയറിഞ്ഞത് ടി.എന്‍. ചതുര്‍വേദിയെന്ന ഐഎഎസ് ഉദ്യോഗസ്ഥന് ആ പദവിയിലെത്തിയപ്പോഴാണ്. 1980 കളിലായിരുന്നു അത്. ത്രിലോക് നാഥ് ചതുര്‍വേദി, 1989 ല്‍ തലേവര്‍ഷത്തെ കേന്ദ്ര സര്‍ക്കാര്‍ ചെലവും ഭരണ നടപടികളും കണക്കും പരിശോധിച്ച് തയാറാക്കിയ സിഎജി റിപ്പോര്‍ട്ടിലൂടെയാണ് ലോകശ്രദ്ധ നേടിയത്. പ്രതിരോധ വകുപ്പ്
ഹോവിറ്റ്സര്‍ ഗണ്ണുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തി. ഇറ്റലിയില്‍നിന്നുള്ള ബോഫോഴ്സ് കമ്പനിയില്‍നിന്ന് തോക്കുകള്‍ വാങ്ങിയതിന് ആരോ കമ്മീഷന് വാങ്ങിയിരിക്കുന്നു. അതായത്, പൊതു ജനാവ് പരോക്ഷമായി കൊള്ളയടിച്ചിരിക്കുന്നു.
രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. പില്ക്കാലത്ത് ബോഫോഴ്സ് കുംഭകോണമായി മാറിയ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എന്നത്തേയും കളങ്കമായി മാറിയ ബോഫോഴ്സ് തോക്കിടപാടിലെ സിഎജിയുടെ പങ്കിന് കേരളത്തിലെ കിഫ്ബി ഇടപാടിലേതുമായി ഏറെയുണ്ട് സാദൃശ്യങ്ങള്‍.
രാജീവ് വന്‍ ഭൂരിപക്ഷത്തില്‍ കേന്ദ്രം ഭരിക്കുന്ന കാലം. എന്തും ചെയ്യാമെന്ന രാഷ്ട്രീയ ധൈര്യവും ഇനിയൊരിക്കലും അധികാരക്കസേരയില്നിന്നൊഴിയേണ്ടിവരില്ലെന്ന തോന്നലും അതിനുപിന്നിലുണ്ടായിരുന്നു. പക്ഷേ, സിഎജിയുടെ പിടിവീണത് സ്വന്തംകഴുത്തിലാണെന്നറിയാമായിരുന്ന രാജീവ്, കിഫ്ബിക്കാര്യത്തില്
തോമസ് ഐസക് കാണിക്കുന്ന അതേ വെപ്രാളങ്ങള്‍ കാണിച്ചു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വരുന്നതിനു മുമ്പ് ചോര്‍ന്നു, മാധ്യമങ്ങളില്‍ വന്നു എന്നെല്ലാം കോണ്‍ഗ്രസ് ബഹളം കൂട്ടി. കിഫ്ബിയില്‍ ബഹളം കൂട്ടുന്നത് ധനമന്ത്രി തോമസ് ഐസക് തന്നെയാണ്. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും മുമ്പ് (കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നിര്വഹണക്കണക്കുകള് വിലയിരുത്തുന്ന സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിലും സംസ്ഥാനങ്ങളുടേത് നിയമസഭയിലും സമര്‍പ്പിക്കും) ചോര്‍ത്തിയത് ധനമന്ത്രിതന്നെയാണ്. ചില ജീവികള്‍ക്കും കുഴപ്പം ചെയ്തവര്‍ക്കും അപകടസാധ്യത മുന്കൂട്ടിയറിയാനാകുമല്ലോ. അപ്പോള്‍ ബുദ്ധി ജീവികള്‍ക്ക് ആ കഴിവ് കൂടും.
കേരളത്തില്‍ ധനവകുപ്പ് സെക്രട്ടറിയായിരുന്ന, സമര്‍ഥനായ, ടു ജി സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയ റിപ്പോര്‍ട്ട് തയാറാക്കിയ സിഎജി വിനോദ് റായ് ടി.എന്‍. ചതുര്‍വേദിയെക്കുറിച്ച് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ”ടു ജി വിഷയം തലക്കെട്ടുവാര്ത്തകളായ കാലത്ത് അദ്ദേഹം ഒരിക്കല്‍ എന്നെ സമ്പര്‍ക്കം ചെയ്തു. മൂന്നു ഘട്ടങ്ങളില്‍ സൂക്ഷ്മ പരിശോധനയും വിലയിരുത്തലും നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. വസ്തുനിഷ്ഠവും നടപടിക്രമവും ചട്ടവും തെറ്റിക്കാതെയുമാണ് പ്രവര്ത്തനമെങ്കില് ഒന്നും പേടിക്കാനില്ലെന്ന് അദ്ദേഹം ധൈര്യം തന്നു.” അതാണ് സിഎജിയുടെ ആധികാരികതയും വിശ്വാസ്യതയും.
തോമസ് ഐസക് സിഎജി റിപ്പോര്‍ട്ടിനെ പേടിക്കാന്‍ കാരണം മുന്‍ സിഎജി റിപ്പോര്‍ട്ടുകള്‍തന്നെ. ഉദാഹരണത്തിന് 2020 ഫെബ്രുവരി ആറിന് സര്‍ക്കാരിന് സിഎജി അയച്ച റിപ്പോര്‍ട്ട് പരിശോധിക്കാം. കേരള സര്‍ക്കാരിന്റെ റവന്യൂ വിഭാഗത്തെക്കുറിച്ചുള്ളതാണ്. 2019 ലെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയിരിക്കുന്നത്. സംസ്ഥാന ധനമന്ത്രിയുടെ ചുമതലയിലുള്ള ധനറവന്യൂ വകുപ്പിന്റെ. കേന്ദ്ര സര്‍ക്കാരിനെ ജിഎസ്ടി, നോട്ടു നിരോധനം, സാമ്പത്തിക നയം, ബജറ്റ് തുടങ്ങി സകലതിലും തെറ്റിദ്ധരിപ്പിച്ച് വിമര്‍ശനം നടത്തുന്ന ഐസക്കിന്റെ വകുപ്പിലെ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍.
2018 മാര്‍ച്ച് 31 വരെ റവന്യൂ കുടിശിക 14,904.91 കോടിയാണ്. അതില്‍ 5,514.14 കോടി അഞ്ചുവര്‍ഷം പഴക്കമുള്ളതാണ്. (ഖണ്ഡിക 1.2)
2018 ജൂണ്‍ മാസാവസാനം വിവിധ വകുപ്പുകളുടെ 3340 ഇന്സ്പെക്ഷന് റിപ്പോര്‍ട്ടുകളില്‍ 26,690 നിരീക്ഷണങ്ങളില്‍ മറുപടി കിട്ടിയിട്ടില്ല. 8,575 കോടി രൂപയുടെ കണക്കുകളാണിതില്. (ഖണ്ഡിക 1.7) ഇതില്‍ ചിലതൊക്കെ പില്ക്കാലത്ത് കൊടുത്തിട്ടുണ്ടാകാം. പക്ഷേ, ഇത്രയും തുകയുടെ ചെലവ് എങ്ങനെയെന്ന കണക്ക് വിവിധ വകുപ്പുകളില്‍നിന്ന് ശേഖരിച്ച് കൊടുക്കേണ്ട ചുമതല മന്ത്രി തോമസ് ഐസക്കിനാണ്. അതിലാണ് വീഴ്ച.
കേരള റോഡ് സേഫ്റ്റി അതോറിറ്റി വഴി ശേഖരിച്ച റോഡ് സേഫ്റ്റി ഫണ്ട് (കെആര്എസ്എഫ്) കൈമാറുന്ന കാര്യത്തില്‍ വീഴ്ചയുണ്ട് എന്ന് സിജി റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: കൃത്യമായ വ്യവസ്ഥയും ചട്ടവും ഉണ്ടായിട്ടും 2008 മുതല്‍ 2017 വരെയുള്ള കാലത്ത് ശേഖരിച്ച 435.51 കോടി രൂപ കൈമാറിയിട്ടില്ല. (3.4.2.1)
ലാന്‍ഡ് റവന്യൂ ആന്‍ഡ് ബില്‍ഡിങ് ടാക്സ് വകുപ്പില്‍നിന്നുള്ള വിവരമിങ്ങനെ: താലൂക്ക് ലാന്‍ഡ് ബോര്‍ഡ് (ടിഎല്‍ബി) തലത്തില്‍, സംസ്ഥാനത്തെ അധികഭൂമി, ഭൂമി സീലിങ് തുടങ്ങി, ഭൂവിനിയോഗത്തില്‍ അടിസ്ഥാന അവശ്യ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. (4.4.1)
അഞ്ചു ജില്ലകളില്‍ 43 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ 311.35 കോടി രൂപ മൂല്യം വരുന്ന 5,192 ഹെക്ടര്‍ ഭൂമി സംബന്ധിച്ച ഒരു രേഖകളുമില്ല. (4.4.2)
സീലിങ് കഴിഞ്ഞുള്ള അധിക ഭൂമി സംബന്ധിച്ച ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല. 12,574 ഹെക്ടര്‍ ഭൂമിയുടെ കാര്യത്തില്‍ ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. (4.4.3)
ആറു ജില്ലകളില്‍ 2017-18 കാലത്ത് 11,855 പേര് ലൈസന്‍സില്ലാതെ വ്യാമരുന്നു വില്‍പ്പനശാലകള്‍ നടത്തുന്നു. ഇതുവഴി 2.35 കോടിയുടെ ലൈസന്‍സ് ഫീസ് നഷ്ടമാണ് സിഎജി കണ്ടെത്തിയത്. (പക്ഷേ, ലൈസന്‍സില്ലാതെ മരുന്നു വില്‍പ്പനയെന്ന അപരാധത്തിന് സര്‍ക്കാര്‍ കൂട്ടു നില്കുന്നത് വേറേ കുറ്റം.)
2016 മുതല്‍ 18 വരെ 20 കമ്പനികളാണ് അനധികൃതമായി സംസ്ഥാനത്ത് ‘വിദേശ മദ്യം’ നിര്‍മിച്ച് വിറ്റത്. ഇതെല്ലാം ചെറിയ കാര്യങ്ങളല്ലേ, സഹസ്ര കോടികളുടെ അഴിമതി വാര്‍ത്തകള്‍ക്കു മുന്നില്‍ എന്ന് തോന്നാം. പക്ഷേ, അക്കൗണ്ടന്റ് ജനറല്‍ പരിശോധിച്ച് സര്‍ക്കാരില്‍നിന്ന് വിശദീകരണം ചോദിച്ച് അവ തൃപ്തികരമല്ലാത്തതിനാല്‍ കണക്കും കാര്യങ്ങളും നേരേയാക്കാന്‍ സിഎജി പരിശോധിച്ച് നിര്‍ദേശിച്ച റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മാത്രമാണിത്. അതും ചില പ്രധാന വകുപ്പുകളിലെ കാര്യം മാത്രം എന്നോര്‍ക്കണം.
എല്ലാം ശരിയാക്കുമെന്നുപറഞ്ഞ് അധികാരത്തിലേറി, സര്‍വം ഭദ്രമെന്ന് വീമ്പിളക്കി, കേന്ദ്രം നല്കുന്ന വിഹിതം ഇഷ്ടാനുസരണം വിനിയോഗിച്ച്, കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കി സ്വന്തമെന്ന് വിളിച്ചു പറഞ്ഞ് വിനോദിച്ചിരിക്കുകയാണ് ധനമന്ത്രിയും സംസ്ഥാന സര്‍ക്കാരും. ഉണ്ടിരിക്കെ ഒരു വനു തോന്നിയതുപോലെയാണ്, ആരും ചോദിക്കാനില്ലെന്ന വിലയിരുത്തലില്‍ വിദേശ ഫണ്ട് സ്വീകരണവും അതിനു കിഫ്ബിപോലുള്ള സംവിധാനങ്ങളും തട്ടിക്കൂട്ടിയത്. മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരേ കോണ്‍ഗ്രസിനെ സഹായിയാക്കി സമരം നടത്തിയും ‘ജനകീയ പ്രക്ഷോഭം ‘ പറഞ്ഞും സ്വന്തം ചെയ്തികള്‍ക്ക് മറയിടാമെന്നും സിപിഎമ്മും നേതാക്കളും ധരിച്ചു. പക്ഷേ, സ്വര്‍ണക്കടത്തില്‍ പിടിവീണു. അതിന്റെ വേരുകള്‍ അന്വേഷിച്ച് സെക്രട്ടേറിയറ്റില്‍ ഏജന്‍സി കയറി. അത് കിഫ്ബിയിലൂടെ ധനമന്ത്രിയിലെത്തുമെന്ന് മുന്‍കൂട്ടി മനസിലാക്കിതാണ് തോമസ് ഐസക്കിന്റെ കഴിവ്. കാരണം, സിഎജി റിപ്പോര്‍ട്ടും മറ്റ് ഔദ്യോഗിക നടപടി ക്രമങ്ങളും സെക്രട്ടറിമാരുടെ സഹായമില്ലാതെ അറിയാവുന്നയാളാണെന്ന പ്രത്യേകതയുണ്ട്. മാത്രമല്ല, എല്ല ഓപ്പറേഷനുകളും നടത്തുന്നയാളെന്ന കാരണവും. അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ക്ക് സമയം എടുക്കും. പക്ഷേ, സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവന്നാല് പിന്നെ സമയം അധികം കിട്ടില്ല. അതും ഐസക്കിനറിയാം. അപ്പോള്‍ സിഎജി പ്രതിരോധത്തിന് ജനകീയ ഉപരോധം എന്ന തന്ത്രത്തില്‍ പാര്‍ട്ടിയെ അകപ്പെടുത്തുകയാണ് ഐസക്. പക്ഷേ, മൂന്നുതലത്തില്‍ സുക്ഷ്മ പരിശോധന നടത്തി, നടപടിക്രമങ്ങള്‍ പാലിച്ച് ചട്ടപ്രകാരം വരുന്ന സിഎജിയെ തടുക്കാന്‍ ഐസക് തന്ത്രങ്ങള്‍ പോരാ എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: