കണ്ണൂര്‍: വീര പഴശ്ശി കേരളവര്‍മ്മയുടെ പിന്മുറക്കാര് താമസിച്ചിരുന്ന പഴശ്ശി പടിഞ്ഞാറെ കോവിലകം സംരക്ഷിതസ്മാരകമാക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി പൈതൃകടൂറിസത്തിന്റെ ഭാഗമായുള്ള പദ്ധതിയിലേക്ക് മാറ്റുന്നതിന് പിന്നില്‍ സിപിഎം താത്പര്യം. ജീര്‍ണിച്ച് തകര്‍ച്ചയുടെ വക്കിലെത്തിയ കോവിലകം കെട്ടിടം സംരക്ഷിക്കണമെന്ന് നാട്ടുകാരുടെയും സാംസ്കാരിക സംഘടനകളുടെയും ഭാഗത്തു നിന്ന് ആവശ്യമുയര്‍ന്നപ്പോഴാണ് 2017ല്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോവിലകവും ബന്ധപ്പെട്ട സ്ഥലവും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമാക്കാന് തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ തീരുമാനം തിരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പൈതൃകടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോവിലകം സംരക്ഷിക്കാനുള്ള നടപടികളുമായി ഉദ്യോഗസ്ഥര്‍ കോവിലകത്ത് എത്തിയത്.
പഴശ്ശി രാജാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ബാക്കിയായ ഒരേയൊരു ചരിത്രശേഷിപ്പാണ് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള പടിഞ്ഞാറെ കോവിലകം. ഇന്ന് കോവിലകം നില്ക്കുന്നതിനടുത്ത് മട്ടന്നൂര്‍ റോഡില്‍ പഴശ്ശി കോവിലകം നിലനിന്ന സ്ഥലത്ത് ഒരു കുളം മാത്രമാണ് ഇന്നവശേഷിക്കുന്നത്. അവിടെയുണ്ടായിരുന്ന കോവിലകം പഴശ്ശി രാജാവിന്റെ അന്ത്യം നടന്നയുടന്‍ തന്നെ ബ്രിട്ടീഷുകാര്‍ ഇടിച്ചുനിരത്തിയിരുന്നു. പീന്നീട് 1903ലാണ് പഴശ്ശി രാജാവിന്റെ പിന്മുറക്കാര് പടിഞ്ഞാറെ കോവിലകം പണിതത്.
വാസ്തുപരമായ സവിശേഷതകള്‍ ഏറെയുള്ള ഈ കോവിലകം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് പൊളിച്ചു വില്ക്കാന് കുടുംബാംഗങ്ങള്‍ തീരുമാനിച്ചപ്പോള്‍ വിലയ്ക്ക് വാങ്ങാന്‍ ആദ്യം മുന്നോട്ടു വന്നത് സിപിഎമ്മുകാരാണ്. കെട്ടിടം പൊളിച്ച് അവിടെ സിപിഎം നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ പേരില്‍ ആയുര്‍വേദ ആശുപത്രി തുടങ്ങാനായിരുന്നു നീക്കം. എന്നാല്‍ മാധ്യമങ്ങളുടെയും നാട്ടുകാരുടെയും ഇടപെടല്‍ മൂലം ഇതു നടന്നില്ല. തുടര്‍ന്നാണ് പുരാവസ്തു വകുപ്പിനെ ഏ്ല്‍പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമുണ്ടായത്. എന്നാല്‍ രണ്ട് വര്‍ഷത്തോളം ഒരു നടപടിയുമെടുക്കാതിരിക്കുകയും പിന്നീട് കഴിഞ്ഞവര്‍ഷം സംരക്ഷിതസ്മാരക പട്ടികയില്‍ നിന്ന് കോവിലകത്തെ ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.
പുരാവസ്തു വകുപ്പ് ഏറ്റെടുത്താല്‍ പ്രാദേശിക ഭരണസ്വാധീനം ഉപയോഗിച്ചും മറ്റും കോവിലകത്തിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ല എന്നതിനാലാണ് പട്ടികയില്‍ നിന്നൊഴിവാക്കിയതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി കോവിലകം ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നില്‍ പാര്‍ട്ടി സ്വാധീനമുള്ള ട്രസ്റ്റോ സൊസൈറ്റിയോ രൂപീകരിച്ച് പാര്‍ട്ടിയുടെ വരുതിയില്‍ വരുത്താനുള്ള സിപിഎം പദ്ധതിയാണെന്ന് വ്യക്തമാണെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: