ന്യൂദല്‍ഹി: തൊഴിലിടങ്ങളിലെ സുരക്ഷ, തൊഴിലാളികളുടെ ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച നിയമം 2020ന്റെ കരട് തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. ഇതു സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും കരട് വിജ്ഞാപനം ചെയ്ത് 45 ദിവസത്തിനകം ജനങ്ങള്‍ക്ക് സമര്‍പ്പിക്കാം.
തുറമുഖ, നിര്‍മ്മാണ, ഖനിത്തൊഴിലാളികള്‍, അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍, ശബ്ദ-ദൃശ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സെയില്‍സ് പ്രൊമോഷന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരുടെ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് ഇതില്‍.
പ്രധാന വ്യവസ്ഥകള്‍:
1. നിയമം പ്രാബല്യത്തില്‍ വന്ന് മൂന്നു മാസത്തിനുള്ളില്‍ എല്ലാ സ്ഥാപനങ്ങളിലെയും ജോലിക്കാര്‍ക്ക്, നിര്‍ദ്ദിഷ്ട മാതൃകയിലുള്ള നിയമന ഉത്തരവ് നല്‍കണം.
2 തുറമുഖങ്ങള്‍, വ്യവസായശാലകള്‍ ഖനികള്‍, നിര്‍മ്മാണ മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന, 45 വയസിനു മുകളിലുള്ള എല്ലാവര്ക്കും സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന തൊഴില്‍ ദാതാവ് നടത്തണം.
3 അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് പോയി വരാനുള്ള ചെലവ്, ടോള്‍ ഫ്രീ ഹെല്പ്പ്ലൈന് നമ്പര്‍
4 സ്ഥാപനങ്ങള്‍ക്ക് സിംഗിള്‍ ഇലക്ട്രോണിക് രജിസ്ട്രേഷന്, ലൈസന്‍സ്, വാര്‍ഷിക സമഗ്ര റിട്ടേണുകള്‍
5 അഞ്ചു വര്‍ഷത്തിലധികമായി ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കരാര്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന കരാറുകാര്‍ക്ക് ദേശീയതലത്തില്‍ ഒറ്റ ലൈസന്‍സ്.
കരാര്‍ തൊഴിലാളികള്‍ക്കുള്ള വേതനം
വേതനത്തിനായി പരിഗണിക്കേണ്ട കാലാവധി കരാറുകാര്‍ക്ക് തീരുമാനിക്കാം. എന്നാല്‍, ഇത് ഒരു മാസത്തില്‍ കൂടാന്‍ പാടില്ല. വേതനത്തിനായി പരിഗണിക്കുന്ന കാലാവധി അവസാനിച്ച് ഏഴു ദിവസത്തിനുള്ളില്‍ വേതന വിതരണം നടത്തണം. ഇലക്ട്രോണിക് രീതിയില്‍ മാത്രമേ വേതന വിതരണം നടത്താവൂ. അഞ്ഞൂറോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും സുരക്ഷാസമിതിയുടെ പ്രവര്‍ത്തനം നിര്‍ബന്ധമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: