പരവൂര്‍: നഗരസഭയില്‍ വിജയക്കൊടി നാട്ടാന്‍ രാഷ്ട്രീയസാഹചര്യങ്ങള്‍ അനുകൂലമാക്കി ബിജെപി അരയുംതലയും മുറുക്കി ഇറങ്ങുമ്പോള്‍ ഇടതുമുന്നണി തുടര്‍ഭരണത്തിന് കുതന്ത്രങ്ങള്‍ മെനയുകയാണ്. തെരഞ്ഞെടുപ്പ് ചിത്രത്തിലില്ലാതെ യുഡിഎഫ്.
പത്തുവര്‍ഷത്തെ ഇടതുമുന്നണിയുടെ അഴിമതി നിറഞ്ഞ ദുര്‍ഭരണത്തിന് അറുതി വരുത്താന്‍ ബിജെപിയിലൂടെ ഭരണമാറ്റത്തിന് വോട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് പരവൂരിലെ വോട്ടര്‍മാര്‍. എന്‍ഡിഎയും എല്‍ഡിഎഫും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ കാഴ്ചക്കാരാവുകയാണ് യുഡിഎഫ്. 32 വാര്‍ഡുള്ള നഗരസഭയില്‍ ബിജെപിയാണ് ആദ്യം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയത്. തൊട്ടുപിന്നാലെ ഇടതുമുന്നണിയും. ഇപ്പോഴും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാത്ത യുഡിഎഫ് വിമതശല്യം മൂലം തെരഞ്ഞെടുപ്പ് രംഗത്ത് എത്തിയിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27 വാര്‍ഡുകളില്‍ മത്സരിച്ച ബിജെപി മൂന്നിടത്ത് വിജയക്കൊടി നാട്ടി. ഏഴിടങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തി. ഇക്കുറി 32 വാര്‍ഡിലും മത്സരിച്ചുകൊണ്ട് ശക്തമായ പോരാട്ടത്തിലാണ് ബിജെപി. ആദ്യം കളത്തിലിറങ്ങി പ്രചാരണത്തില്‍ മുന്നിലെത്തിയതും ബിജെപിയാണ്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും തെറ്റായ നയങ്ങള്‍ തുറന്നുകാട്ടി വ്യക്തമായ ഭൂരിപക്ഷം നേടാനാണ് ബിജെപിയുടെ ശ്രമം. ആഭ്യന്തരകലാപം രൂക്ഷമായതോടെ കഴിഞ്ഞ കൗണ്‍സിലില്‍ ഉണ്ടായിരുന്ന മൂന്നുപേരെ മാത്രമാണ് സിപിഎം ഇക്കുറി വീണ്ടും കളത്തിലിറക്കിയത്.
പഴയ കൗണ്‍സിലിലെ രണ്ടുപേരുമുണ്ട്. ബാക്കി 21 പേരും പുതുമുഖങ്ങളാണ്. നഗരസഭയില്‍ തീരെ അപ്രസക്തമായ സിപിഐ നിലവിലെ കൗണ്‍സിലില്‍ ഉണ്ടായിരുന്ന ഒരാളെ വീണ്ടും മത്സരിപ്പിക്കുന്നുണ്ട്. ബാക്കി അഞ്ചുപേരും പുതുമുഖങ്ങളാണ്. പല സിപിഎം നേതാക്കളും വിമത സ്ഥാനാര്‍ഥികളായും രംഗത്തുണ്ട്.
യുഡിഎഫ് പക്ഷത്ത് നിലവിലെ കൗണ്‍സിലില്‍ അംഗമായിരുന്ന മൂന്നുപേരും ഒരു ആര്‍എസ്പി കൗണ്‍സിലറും ഇക്കുറി മത്സരരംഗത്തുണ്ട്. മുന്‍ കൗണ്‍സിലര്‍മാരായ മറ്റ് ആറുപേരും യുഡിഎഫ് പക്ഷത്ത് വീണ്ടും മത്സരിക്കുന്നുണ്ട്. ബാക്കി 22 പേരും പുതുമുഖങ്ങളാണ്. ഗ്രൂപ്പ് തര്‍ക്കവും പടലപിണക്കവും മൂലം പല സ്ഥലങ്ങളിലും റിബല്‍ ശല്യം നേരിടുകയാണ്. പൊതുവേ സംഘടനാശേഷി കുറവായ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയാകാന്‍ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: