തൃശ്ശൂര്‍: കേരള പൊലീസ് ആക്ടില്‍ 118 എ കൂട്ടിച്ചേര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ബി.ജെ.പി സംസ്ഥാ പ്രസിഡന്റ് കെ.സുരേന്ദ്രന്. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും തൃശ്ശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇത്തരം നിയമത്തിനെതിരെ 2015ല്‍ സുപ്രീംകോടതി നിലപാട് എടുത്തപ്പോള്‍ അതിനെ പ്രശംസിക്കുകയും രാഷ്ട്രീയ പ്രചരണമാക്കുകയും ചെയ്ത ആളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. അതേ പിണറായി തന്നെ സാമൂഹ്യമാദ്ധ്യമങ്ങളെയും മുഖ്യധാരാ മാദ്ധ്യമങ്ങളെയും കരിനിയമം കൊണ്ടുവന്ന് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്.
രാഷ്ട്രീയമായ എതിര്‍പ്പിനെ പോലും തടസപ്പെടുത്താനുള്ള ഗൂഢ നീക്കമാണിത്. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നു വരുന്ന ജനവികാരം തടയാനാണ് ശ്രമം. ഇപ്പോള്‍ തന്നെ പൊലീസിനെ ദുരുപയോഗം ചെയ്യുന്ന സര്‍ക്കാര്‍ പൊലീസിനെ മര്‍ദ്ധനോപാധിയാക്കുകയാണ്. ഭരണത്തിനെതിരായ പ്രതിഷേധങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നതാണ് 118 എ കൊണ്ടുവരാന്‍ പിണറായിയെ പ്രേരിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരായ അക്രമം തടയാനെന്ന വ്യാജേനയാണ് പുതിയ നിയമം. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണം തടയാന്‍ നിലവിലുള്ള നിയമം പോലും ഉപയോഗിക്കാത്ത സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ കൈകാര്യം ചെയ്യാന്‍ ആസൂത്രിതമായ നയം സ്വീകരിക്കുകയാണ്. ജനാധിപത്യവിരുദ്ധമായ നിയമത്തിനെതിരെ യു.ഡി.എഫ് എന്താണ് മിണ്ടാത്തത് എന്നത് അത്ഭുതപ്പെടുത്തുന്നതായും സുരേന്ദ്രന് പറഞ്ഞു.
കിഫ്ബിയുടെ പേരില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി തോമസ് ഐസക്ക് ഇപ്പോള്‍ വീണിടത്ത് കിടന്നുരുളുകയാണ്. മസാലബോണ്ടിലും കിഫ്ബിയുടെ മറ്റു ഇടപാടുകളിലും അന്വേഷണം വരുമെന്ന ഭയം കാരണമാണ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയത്. ആര്.ബി.ഐ അനുമതി കിട്ടിയെന്ന് മന്ത്രി പറയുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നത്. ആര്‍ബിഐ എന്‍.ഒ.സി കിട്ടാന്‍ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടും അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. 2ജി പോലെ രാജ്യത്തെ വലിയ അഴിമതികള്‍ക്ക് സമാനമായ സംഭവങ്ങളാണ് കേരളത്തിലും നടക്കുന്നത്. ധനമന്ത്രിക്ക് നേരിട്ട് ബന്ധമുള്ള അഴിമതിയാണിത്. ഐസക്കിന് നിഗൂഢമായ താത്പര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് കരാര്‍ കൊടുക്കുന്നത്. ചില കമ്പനികള്‍ക്ക് എല്ലാ അവകാശങ്ങളും മന്ത്രി ചാര്‍ത്തി കൊടുക്കുകയാണ്. ചാരിത്ര പ്രസംഗം അവസാനിപ്പിച്ച് അന്വേഷണം നേരിടാന്‍ ഐസക്ക് തയ്യാറാവണം. ധനകാര്യ സെക്രട്ടറിയാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്ന് തോമസ് ഐസക്ക് തന്നെയാണ് പറഞ്ഞത്. കിഫ്ബിക്കെതിരല്ല നിയമലംഘനത്തിനെതിരാണ് ബി.ജെ.പിയുടെ പ്രതിഷേധം. നികുതി പണം ഉപയോഗിച്ചാണ് ഐസക്ക് അഭ്യാസപ്രകടനം നടത്തുന്നത്. മന്ത്രിക്ക് വിദേശ നിക്ഷേപം ഉണ്ടെന്നതിന് അദ്ദേഹം മറുപടി പറയാത്തതെന്താണ് കേന്ദ്ര ഏജന്‍സികളെ ഓടിക്കാമെന്ന ഐസക്കിന്റെ പൂതി നടപ്പില്ല. ഏജന്‍സികള്‍ കേരളത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അഴിമതിക്കാരെയെല്ലാം കണ്ടുപിടിക്കുക തന്നെ ചെയ്യും.
അഴിമതി നടത്തിയില്ലെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും സുരേന്ദ്രന് ചോദിച്ചു. രണ്ട് സി.പി.എം മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയില്‍ ഭൂമിയുണ്ടെന്നാണ് പറയുന്നത്. എന്താണ് മുഖ്യമന്ത്രി ഇത് നിഷേധിക്കാത്തത് എന്തിനാണ് ക്വോറന്റയിനില്‍ ഇരിക്കുമ്പോള്‍ ചിലര്‍ ലോക്കറില്‍ നിന്ന് ആധാരം എടുത്ത് മുങ്ങിയതെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായി. നേതാക്കളുടെ പേരില്‍ കേസ് വന്നതോടു കൂടി കോണ്‍ഗ്രസ് അഴിമതിക്കെതിരായ മുദ്രാവാക്യം മുക്കി. കോണ്‍ഗ്രസ് അഴിമതിക്കെതിരാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അഴിമതിക്കെതിരെ പോരാടുന്ന ഒരേ ഒരു മുന്നണി എന്‍.ഡി.എയാണ്. അഴിമതി മുന്നണികള്‍ക്കെതിരെയുള്ള ശക്തമായ ജനവിധിയാവും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാര്‍, തൃശ്ശൂര്‍ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: