അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്. അമ്മയ്ക്കൊപ്പം മകളായി തന്നെ ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സംവിധായകന് മനോജ് കാന ഒരുക്കുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്ത് സിനിമയിലേക്ക് ചുവടു വെയ്ക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ‘ഖെദ്ദ’ യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു.
അമ്മയുടെ സിനിമകള്‍ കാണുമ്പോഴൊക്കെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും അക്കാര്യം പറയുമ്പോഴെല്ലാം അമ്മയാണ് എതിര്‍ത്തിരുന്നത്. പഠനം കഴിഞ്ഞിട്ട് മതി അഭിനയമെന്നായിരുന്നു അമ്മയുടെ അഭിപ്രായമെന്ന് ഉത്തര പറയുന്നു. ഇപ്പോള്‍ വളരെ യാദൃശ്ചികമായിട്ടാണ് ‘ഖെദ്ദ’യില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്.
ലോക്ഡൗണിന് മുന്‍പ് നാട്ടിലെത്തിയതാണ്. പിന്നെ കൊറോണ വ്യാപകമായതോടെ ദുബായിലേക്കുള്ള തിരിച്ചുപോക്ക് മുടങ്ങി. അങ്ങനെ ലോക്ഡൗണില്‍ ഇവിടെ പെട്ടുപോയതുകൊണ്ടാണ് സിനിമയിലേക്ക് എനിക്ക് വഴി തുറന്നത്. മുഴുവന്‍ സമയം പഠനത്തിലായിരുന്നു ശ്രദ്ധ. ഇപ്പോള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞതുകൊണ്ട് കുറെ ഫ്രീടൈം കിട്ടി. അതുകൊണ്ടുതന്നെ അഭിനയിക്കാനും കഴിഞ്ഞു.
ഞാന്‍ ദുബായിലായിരുന്നു എങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു അവസരം കിട്ടില്ല. നാട്ടിലെത്തിയത് ഭാഗ്യമായി. ഈ ചിത്രത്തില്‍ അമ്മയും ഞാനും അമ്മയും മകളുമായിട്ട് തന്നെയാണ് അഭിനയിക്കുന്നത്. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’എന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു. ഇപ്പോഴാണ് ആ പ്രയോഗത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായത്.
അമ്മയോടൊപ്പം ഒത്തിരി തവണ വേദികളില്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നത് ആദ്യമാണെന്ന് ഉത്തര ശരത്ത് പറഞ്ഞു. ഒട്ടേറെ പുരസ്ക്കാരങ്ങള്‍ നേടിയ ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനോജ് കാന ഒരുക്കുന്ന ചിത്രമാണ് ‘ഖെദ്ദ’. ആശാശരത്ത്(സവിത), ഉത്തരശരത്ത്(ചിഞ്ചു) ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളാണ് ഇരുവരും. സുധീര്‍ കരമന, അനുമോള്‍, ജോളി ചിറയത്ത്, ബാബു കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: