ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്കിന്റെ ഭാഗമായി അഷ്ടമിവിളക്ക് ദിനമായ നാളെ സമ്പൂര്‍ണ നെയ്യ്വിളക്കാഘോഷം. പുളിക്കിഴെ വാരിയത്തുകാരുടെ വകയാണ് വിളക്കാഘോഷം. ആഘോഷത്തിന്റെ ഭാഗമായി നാളെ മുതല്‍ ഭഗവാന് സ്വര്‍ണക്കോലത്തിലാണ് എഴുന്നെള്ളുന്നത്. ഇന്നലെ മാണിക്കത്ത് കുടുംബം വകയായിയുള്ള ഷഷ്ടി വിളക്കാഘോഷം നടന്നു. ഇന്ന് നെന്മിനി മന വകയായുള്ള സപ്തമി വിളക്കാഘോഷം വെളിച്ചെണ്ണ വിളക്കായി ആഘോഷിക്കും. 25നാണ് ഗുരുവായൂര്‍ ഏകാദശി.
ദ്വാദശി പണ സമര്‍പ്പണം ചടങ്ങ് മാത്രം
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയുടെ പ്രധാന ചടങ്ങായ ദ്വാദശിപണ സമര്‍പ്പണം ഈ വര്‍ഷം ചടങ്ങ് മാത്രമായി നടത്തുമെന്ന് ദേവസ്വം ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസ് അറിയിച്ചു. 26ന് പുലര്‍ച്ചെയാണ് ദാദ്വദശി പണ സമര്‍പ്പണം. ക്ഷേത്രം കൂത്തമ്പലത്തില്‍ ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ മൂന്ന് ഗ്രാമങ്ങളിലെ അഗ്നിഹോത്രികളാണ് ഭക്തരില്‍ നിന്ന് ദ്വാദശിപണം സ്വീകരിക്കുന്നത്. കഴിഞ്ഞവര്‍ഷം, 11,63,472 രൂപയാണ് ദക്ഷിണയായി ലഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ ഭക്തരില്‍ നിന്ന് ദക്ഷിണ സ്വീകരിക്കാന്‍ സാധിക്കാത്തതിനാല്‍ ചെയര്മാന്, ഭരണസമിതി അംഗങ്ങള്‍, ക്ഷേത്രം കീഴ്ശാന്തിക്കാര്‍, കഴകക്കാര്‍ തുടങ്ങിയവര്‍ മാത്രം ദ്വാദശി പണ സമര്‍പ്പണത്തില്‍ പങ്കെടുക്കും.
കഴിഞ്ഞവര്‍ഷം ഗുരുവായൂരപ്പന് ലഭിച്ച ദ്വാദശി പണം ഈ വര്‍ഷം ചടങ്ങില്‍ പങ്കെടുക്കുന്ന അഗ്നിഹോത്രികള്‍ക്ക് വീതിച്ചുനല്‍കാനാണ് തീരുമാനമെന്നും ചെയര്മാന് അറിയിച്ചു. ദ്വാദശി ദിവസം രാവിലെ 9ന് നടയടച്ച് വൈകിട്ട് 4.30നായിരിക്കും തുറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: