ചെന്നൈ : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നടന് വിജയ് സേതുപതിയുടെ കത്ത്. കേസുമായി നേരിട്ട് പങ്കില്ലാതിരുന്നിട്ടും വര്‍ഷങ്ങളായി ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.
ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഏഴ് പേരേയും മോചിപ്പിക്കണമെന്നും സേതുപതി ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ല ഗവര്‍ണര്‍ക്ക് തീരുമാനം കൈക്കൊള്ളാമെന്നും കത്തില്‍ പറയുന്നുണ്ട്.
കേസില്‍ നേരിട്ടു പങ്കില്ലാതിരുന്നിട്ടും ജയിലില്‍ കഴിയുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സംവിധായകരായ ഭാരതിരാജ, വെട്രിമാരന്, അമീന്, പാ രഞ്ജിത്, പൊന്‍വണ്ണന്‍, മിഷ്കിന്, നടന്മാരായ സത്യരാജ്, പ്രകാശ് രാജ്, പേരറിവാളന്റെ മാതാവ് അര്‍പുതമ്മാള്‍ എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു. ഗവര്‍ണറോട് ഇക്കാര്യം അഭ്യര്‍ത്ഥിക്കുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
ഇത് കൂടാതെ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സംവിധായകന് കാര്‍ത്തിക് സുബ്ബരാജും രംഗത്ത് എത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് കാര്‍ത്തിക് ഇക്കാര്യം ആവശ്യപ്പെട്ടത്. തെറ്റ് ചെയ്യാത്ത ഒരാള്‍ മുപ്പത് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും മകനെ തിരിച്ചുകിട്ടാന്‍ ഒരമ്മ 30 വര്‍ഷമായി പോരാടുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കാര്‍ത്തിക് അറിയിച്ചു.
അമ്മയ്ക്കും മകനും നീതി ലഭ്യമാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോടും ഗവര്‍ണറോടും ആവശ്യപ്പെടുകയാണെന്നും കാര്‍ത്തിക് പറഞ്ഞു. ഇനിയെങ്കിലും അമ്മയെയും മകനെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണം. പേരറിവാളനും അമ്മയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് കാര്‍ത്തിക് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: