തൃശൂര്‍: ആദിവാസി-പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് അതിരപ്പിള്ളി ഡിവിഷന് വികസനമെത്താതെ ഇപ്പോഴും അവഗണനയില്‍. അതിരപ്പിള്ളി, കോടശേരി, പരിയാരം, മറ്റത്തൂര്‍ (8 വാര്‍ഡുകള്‍) ഉള്‍പ്പെടുന്നതാണ് ഡിവിഷന്. അതിരപ്പിള്ളി പദ്ധതിയെ ആദിവാസികളടക്കമുള്ളവര്‍ അതിശക്തമായി എതിര്‍ക്കുമ്പോഴും ജില്ലാപഞ്ചായത്തിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല.
മുഴുവന്‍ ആദിവാസികളുടെയും ഊരുകള്‍ നഷ്ടപ്പെടുകയും വന്യജീവികള്‍ ചത്തൊടുങ്ങുകയും കണ്ടല്‍ക്കാടുകള്‍ നശിക്കുകയും ചെയ്യുന്ന പദ്ധതിക്കെതിരെ ജില്ലാ പഞ്ചായത്ത് ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് ജനങ്ങള്‍ പറയുന്നു. ആദിവാസികള്‍ക്ക് പുറമേ നിരവധി പട്ടികജാതി കോളനികളുമുള്ള ഡിവിഷനില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല.
ഡിവിഷന് കിഴ്ക്ക് തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മലക്കപ്പാറയിലെ തോട്ടം മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാണ്. ഇവര്‍ക്ക് വാസയോഗ്യമായ വീടുകളില്ല. വൈദ്യുതിയുണ്ടെങ്കിലും വോള്‍ട്ടേജ് ഇല്ലാത്തതിനാല്‍ ബള്‍ബുകളൊന്നും കൃത്യമായി കത്തില്ല. തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠിക്കുന്നതിന് സ്കൂളില്ല. അവികസിത മേഖലയായ ഇവിടേക്ക് യാതൊരുവിധ വികസന പദ്ധതികളും കൊണ്ടുവരാന്‍ ജില്ലാപഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
കുടിവെള്ളമില്ലാതെ പട്ടികജാതി-ആദിവാസി കോളനിവാസികള്‍ ഇപ്പോഴും കഷ്ടപ്പെടുകയാണ്. ആദിവാസികള്‍ കിലോമീറ്ററുകളോളം താണ്ടിയാണ് കുടിവെള്ളം കൊണ്ടുവരുന്നത്. ഡിവിഷനിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയ്യെടുത്തിട്ടില്ല. കഴിഞ്ഞ 5 വര്‍ഷവും വികസന സ്തംഭനമാണ് ഡിവിഷനിലുണ്ടായതെന്ന് ജനങ്ങള്‍ പറയുന്നു. നിലവില്‍ അതിരപ്പിള്ളിയെ പ്രതിനിധികരിക്കുന്നത് എല്‍ഡിഎഫിലെ സി.ജി സിനിയാണ്.
ജനാഭിപ്രായം
* കൃഷി-ടൂറിസം ഉള്‍പ്പെടെ സമസ്ത മേഖലയിലും വികസന മുരടിപ്പ്
* കേന്ദ്ര ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ മുന്‍കൈയ്യെടുത്തില്ല
* മലക്കപാറയില്‍ തേയില തോട്ടങ്ങളിലെ തൊഴിലാളികളെ അവഗണിച്ചു. ഇവര്‍ക്ക് ജീവിത സാഹചര്യം ഒരുക്കി കൊടുക്കാന്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല
* വന്യജീവികള്‍ വിളകള്‍ നശിപ്പിക്കുന്നതിനാല്‍ റബര്‍, പൈനാപ്പിള്‍, വാഴ കര്‍ഷകര്‍ ദുരിതത്തില്‍. കാട്ടുപന്നി, കാട്ടാന, മുള്ളന്‍പന്നി എന്നിവയുടെ ആക്രമണം പ്രതിരോധിക്കാന്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടില്ല
* ആതിരപ്പിള്ളിയിലെ ആദിവാസി മേഖലകളില്‍ അടിസ്ഥാന വികസനമില്ല. രൂക്ഷമായ കുടിവെള്ള ക്ഷാമത്താല്‍ കോളനിവാസികള്‍ ബുദ്ധിമുട്ടുന്നു
* ആദിവാസികളുടെ ക്ഷേമത്തിന് പദ്ധതികളൊന്നും ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടില്ല
* അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര മേഖലയ്ക്കായി വികസന പദ്ധതികള്‍ ഉണ്ടായില്ല
* ഗ്രാമീണ റോഡുകളെല്ലാം തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നു
* പട്ടികജാതി കോളനികളിലൊന്നും അടിസ്ഥാന സൗകര്യങ്ങളില്ല
* ആദിവാസികള്‍ക്കുള്ള കേന്ദ്ര ഫണ്ടുകള്‍ നടപ്പാക്കാതെ ലാപ്സാക്കി
എല്‍ഡിഎഫ് അവകാശവാദം
* ആരൂര്‍മുഴി, പരിയാരം കാഞ്ഞിരപ്പിള്ളി, കടമ്പോട് എന്നിവിടങ്ങളില്‍ 20 ലക്ഷം രൂപ വീതം ചെലവഴിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കി
* 25 ലക്ഷം രൂപ വിനിയോഗിച്ച് പരിയാരത്ത് തടയണ നിര്‍മ്മിച്ചു
* തവളക്കുഴിപ്പാറ ആദിവാസി കോളനിയില്‍ 20 ലക്ഷം രൂപ ചെലവില്‍ വികസനം നടപ്പാക്കി
* 13 പട്ടികജാതി കോളനികളെ ദത്തെടുത്ത് ഒന്നര കോടി രൂപ ചെലവില്‍ സമഗ്ര വികസനം നടപ്പാക്കി
* 43 ലക്ഷം രൂപ വിനിയോഗിച്ച് പരിയാരത്ത് 4 അങ്കണവാടികള്‍ നിര്‍മ്മിച്ചു. പരിയാരത്ത് 18 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീ വിപണന കേന്ദ്രം സ്ഥാപിച്ചു
* ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ ചെലവഴിച്ചു. കുറ്റിച്ചിറ ചായ്പന്‍കുഴി റോഡ് 50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ചു. കുറ്റിക്കാട് കൂര്‍ക്കമറ്റം റോഡ് 25 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കി
* തവളപ്പാറ, പരിയാരം, കോടശേരി, കുറുമ്പകുളം, മോതികണ്ണി എന്നിവിടങ്ങളില്‍ 10 ലക്ഷം രൂപ വീതം ചെലവില്‍ കുടിവെള്ള പദ്ധതി നടപ്പാക്കി
* കോടശേരി ട്രാംവേ റോഡ് 60 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു. കൊടകര ചാത്തന്മാസ്റ്റര് റോഡ് 30 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കി
* കണ്ണംകുഴിയില്‍ 50 ലക്ഷം രൂപ ചെലവില്‍ അയ്യങ്കാളി സാംസ്കാരിക നിലയം നിര്‍മ്മിച്ചു
* ചായ്പന്‍കുഴി, വെറ്റിലപ്പാറ സ്കൂളുകളില്‍ 50 ലക്ഷം രൂപ വീതം ചെലവഴിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി
* 22 ലക്ഷം രൂപ ചെലവില്‍ കൊന്നകുഴിയില്‍ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിച്ചു
* മറ്റത്തൂരില്‍ വനിതാ മന്ദിരവും കൂര്‍ക്കമറ്റത്തും കോടശേരിയിലും സാംസ്കാരികനിലയങ്ങളും നിര്‍മ്മിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: