ചെങ്ങന്നൂരിനടുത്തുള്ള ഓതറ മലയില്‍ നിന്ന് ഒരു ശാസ്താ വിഗ്രഹം മലവെള്ളപാച്ചിലില്‍ പമ്പയാറ്റിലൂടെ ഒഴുകിവന്ന് കുട്ടനാട്ടെ ചെളിയില്‍ പുതഞ്ഞു കിടന്നു.
വില്വമംഗലം സ്വാമിയാര്‍ അത് കണ്ടെടുത്ത് ഉദയാര്‍ക്കമുനിയെ ഏല്‍പ്പിച്ചുവെന്നും അദ്ദേഹം അത് തഴുകി തഴുകി ചെളികളഞ്ഞ് ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ചെന്നും ഐതിഹ്യം. ആലപ്പുഴജില്ലയിലെ തകഴി ഗ്രാമത്തിന്റെ സ്ഥലനാമത്തിനും തകഴി ധര്‍മശാസ്താ ക്ഷേത്രോല്‍പ്പത്തിക്കും നിദാനമായ കഥയാണിത്. ആധിയും വ്യാധിയും അകറ്റുന്ന മഹാവൈദ്യനാണ് തകഴയിലെ ധര്‍മശാസ്താവ്. പരശുരാമന്‍ ഓതറമലയില്‍ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹമായിരുന്നു ഇതെന്നാണ് വിശ്വാസം.
തകഴി ശാസ്താവിന്റെ ‘വലിയെണ്ണ’ ഏറെ പ്രസിദ്ധമാണ്. വാതസംബന്ധിയായ എല്ലാ അസുഖങ്ങളും പ്രത്യേക പഥ്യങ്ങളനുഷ്ഠിച്ച് വലിയെണ്ണ സേവിച്ചാല്‍ ഭേദമാകും. ഒരു കാലത്ത് ജീര്‍ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ച ഒരു ഭക്തന് തകഴി ശാസ്താവ് സ്വപ്‌നദര്‍ശനം നല്‍കി നിര്‍ദേശിച്ചതാണ് വലിയെണ്ണയുടെ കൂട്ട്. വലിയെണ്ണ പ്രസിദ്ധമായതോടെ അത് സേവിക്കാനെത്തുന്നവര്‍ നല്‍കിയ പണം കൊണ്ട് ക്ഷേത്രം പുനരുദ്ധരിച്ചു.
84 വിധം പച്ചമരുന്നുകളും, 64 വിധം അങ്ങാടി മരുന്നുകളും ചേര്‍ത്തുണ്ടാക്കുന്നതാണ് എണ്ണ. എണ്ണ കാച്ചാന്‍ എള്ളെണ്ണ ഉപയോഗിക്കാന്‍ പാടില്ല. ‘ഐതിഹ്യമാല’യില്‍ വലിയെണ്ണയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ത്വഗ്‌രോഗങ്ങള്‍ മാറ്റാനും വലിയെണ്ണ വിശേഷപ്പെട്ടതാണ്. എണ്ണയന്വേഷിച്ച് തമിഴ്‌നാട്ടില്‍ നിന്നുപോലും ആളുകളെത്താറുണ്ട്. വലിയെണ്ണ സേവിക്കാന്‍ 90 ദിവസത്തെ കഠിനമായ പഥ്യമുണ്ട്. ജലപാനം നിഷിദ്ധമാണ്. ആദ്യത്തെ 7 ദിവസം ക്ഷേത്രത്തില്‍ താമസിച്ചുവേണം എണ്ണ സേവിക്കാന്‍.
വറുത്ത ‘പൊടി’യാണ് ക്ഷേത്രത്തിലെ പ്രധാന നൈവേദ്യം. പ്രതിഷ്ഠ നടത്തിയ ശേഷം ഭഗവാന് നൈവേദ്യമായി നല്‍കാന്‍ ഒന്നുമില്ലാതെ വന്നപ്പോള്‍ കൂടെയുള്ളവരോട് അല്‍പം അരി വറുത്തെടുത്തു കൊണ്ടുവരാന്‍ ഉദയാര്‍ക്കമുനി പറഞ്ഞു. അതായിരുന്നു ആദ്യനൈവേദ്യം. അങ്ങനെയാണ് വറുത്തപൊടി തകഴി ശാസ്താവിന്റെ ഇഷ്ടനിവേദ്യമായത്. കുംഭമാസത്തില്‍ ആറാട്ടു വരുന്ന ക്രമത്തില്‍ എട്ടു ദിവസമാണ് ഇവിടെ ഉത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: