തൃശൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് വികസനം സ്തംഭിച്ച പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തില്‍ ഇത്തവണ ഭരണത്തിലേറാമെന്ന വിശ്വാസത്തിലാണ് ബിജെപി. 16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ പ്രാവശ്യം ബിജെപി 3 സീറ്റുകള്‍ നേടിയിരുന്നു. 2 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തുമെത്തി.
8 സീറ്റുകളോടെ യുഡിഎഫാണ് നിലവില്‍ പഞ്ചായത്ത് ഭരിക്കുന്നത്. എല്‍ഡിഎഫിന് 5 സീറ്റുകളുണ്ട്. 1ാം വാര്‍ഡ് പൈങ്കുളം വടക്കുമുറി, 2ാം വാര്‍ഡ് പൈങ്കുളം സെന്റര്‍, 7ാം വാര്‍ഡ് കിള്ളിമംഗലം കുളമ്പ് എന്നിവയാണ് ബിജെപി നേടിയ സീറ്റുകള്‍. 10ാം വാര്‍ഡ് ഉദുവടി, 13ാം വാര്‍ഡ് ശ്രീപുഷ്കരം എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. ഇതിനു പുറമേ രണ്ട് വാര്‍ഡുകളില്‍ ബിജെപി മൂന്നാം സ്ഥാനത്തുമെത്തിയിരുന്നു. 11, 14 എന്നീ വാര്‍ഡുകളില്‍ വിജയിച്ചവരേക്കാള്‍ വളരെ വോട്ടുകളുടെ വ്യത്യാസമേ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായിരുന്നുള്ളൂ. ഇത്തവണ 10 സീറ്റുകള്‍ നേടി ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ യുഡിഎഫിലെ മൂന്നു പേര് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ പ്രസിഡന്റ് സ്ഥാനം ഒന്നര വര്‍ഷം വീതം പങ്കിട്ടതിനു പുറമെ മുസ്ലീംലീഗും പ്രസിഡന്റ് സ്ഥാനത്തെത്തി. ബാക്കിയുള്ള ടേമില്‍ യുഡിഎഫിലെ നാലാമത്തെ ആള്‍ക്ക് പ്രസിഡന്റ് സ്ഥാനം നല്കാത്തതിനാല് അവസാനകാലത്ത് ഭരണസമിതിയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. പ്രസിഡന്റുമാര്‍ അടിക്കടി മാറുന്നത് പഞ്ചായത്തിന്റെ വികസനത്തെ പൂര്‍ണമായും സ്തംഭിപ്പിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ നടന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. കേന്ദ്ര തൊഴിലുറപ്പ് പദ്ധതികള്‍ മാത്രമാണ് കൃത്യമായി നടന്നത്. കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ്. പഞ്ചായത്ത് പദ്ധതി വിഹിതം വെക്കാത്തതിനാല്‍ ജലജീവന്‍ പദ്ധതി നടപ്പാക്കാനായില്ല. പ്രസിഡന്റുമാര്‍ മാറുന്നതിനൊപ്പം സെക്രട്ടറിയെയും സ്ഥലം മാറ്റിയിരുന്നതിനാല്‍ ഭരണനിര്‍വ്വഹണത്തെ കാര്യമായി ബാധിച്ചു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളൊന്നും തന്നെ പഞ്ചായത്തില്‍ നടന്നില്ല.
കാര്‍ഷിക മേഖലയായ പാഞ്ഞാളില്‍ കൃഷിയ്ക്കും കര്‍ഷകനും ഉപകാരപ്രദമായ യാതൊരു പദ്ധതികളുമുണ്ടായില്ല. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ പഞ്ചായത്തില്‍ വേനല്‍ക്കാല കൃഷി ഇല്ലാതായി. വ്യക്തിഗത ആനൂകുല്യങ്ങള്‍ രാഷ്ട്രീയമായി തരം തിരിച്ചാണ് നല്‍കിയിരുന്നത്. ഇതിനാല്‍ അര്‍ഹരായ ആയിരങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചില്ല. വീടു വെക്കാന്‍ മണ്ണെടുക്കുന്നതിന്റെ മറവില്‍ പഞ്ചായത്തില്‍ വ്യാപകമായി കുന്നിടിച്ചു നികത്തി. മണ്ണ് മാഫിയയുടെ കടന്നുകയറ്റത്തിന് യുഡിഎഫ് ഭരണസമിതി കൂട്ടുനിന്നതായി ജനങ്ങള്‍ പറയുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാവര്ക്കും തുല്യ നീതിയും സംരക്ഷണവും നല്‍കിയുള്ള സ്ഥിരതയാര്‍ന്ന വികസനോന്മുഖമായ അഴിമതിരഹിത സദ്ഭരണം കാഴ്ചവെക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. നെയ്ത്തു കേന്ദ്രങ്ങള്‍, ഫര്‍ണീച്ചര്‍, സ്മിത്തിങ്, കരിങ്കല്‍ നിര്‍മ്മാണങ്ങള്‍, തയ്യല്‍ യൂണിറ്റുകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയ ചെറുകിട വ്യവസായങ്ങളെ ഏകോപിപ്പിച്ച് പഞ്ചായത്തില്‍ മിനി വ്യവസായ പാര്‍ക്ക് സ്ഥാപിക്കും. പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജനയില്‍ ഉള്‍പ്പെടുത്തി റോഡുകള്‍ നിര്‍മ്മിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വെളിച്ചം, പാര്‍പ്പിടം എന്നിവ പഞ്ചായത്തില്‍ സമ്പൂര്‍ണമായി നടപ്പാക്കുമെന്നും ബിജെപി പറയുന്നു. വികസനം മുരടിച്ച പാഞ്ഞാളില്‍ ഇത്തവണ ജനങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: