നെടുങ്കണ്ടം: വീടിന്റെ ടെറസിന് മുകളില്‍ ബോണ്‍സായ് രൂപത്തിലുള്ള മരങ്ങളെ പരിപാലിച്ച് യുവാവ്. നെടുങ്കണ്ടം മുല്ലശ്ശേരി ഷാനവാസ് ആണ് നിരവധി മരങ്ങളെ ചെറു രൂപത്തിലാക്കി ടെറസില്‍ പരിപാലിയ്‌ക്കുന്നത്.
ബോണ്‍സായി രൂപത്തിലുള്ള 45 മരങ്ങളും പരിശീലനത്തിലുള്ള മരങ്ങളും ഉള്‍പ്പടെ 120ല്‍ പരം മരങ്ങള്‍ ഷാനവാസിന്റെ ശേഖരത്തിലുണ്ട്. വലിയ വൃക്ഷങ്ങളെ ചെടിചട്ടികളില്‍ വളര്‍ത്തുന്ന രീതി സംബന്ധിച്ച് വായിച്ച ലേഖനമാണ് ഷാനവാസിനെ ബോണ്‍സായ് മരങ്ങളിലേയ്‌ക്ക് ആകര്‍ഷിച്ചത്. 1999 മുതല്‍ പരിപാലിയ്‌ക്കുന്ന ബോണ്‍സായ് മരങ്ങള്‍ ശേഖരത്തില്‍ ഉണ്ട്. ഇടുക്കിയുടെ കാലാവസ്ഥയില്‍ വളരുന്ന മരങ്ങളാണ് ഷാനവാസ് കൂടുതലും പരിപാലിയ്‌ക്കുന്നത്.
വൃക്ഷതൈകളെ കുള്ളന്‍ മരങ്ങളായി വളര്‍ത്തുന്നതിന് പ്രത്യേക ശ്രദ്ധയും ക്ഷമയും ആവശ്യമാണ്. അനുയോജ്യമായ തൈകള്‍ കണ്ടെത്തി തായ് വേര് മുറിച്ച് അവയെ സംരക്ഷിയ്‌ക്കും. നിശ്ചിത കാലയളവിന് ശേഷം ബോണ്‍സായി ആയി വളരുന്നതിനുള്ള പരിശീലനം മരങ്ങള്‍ക്ക് നല്‍കും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാനവാസ് മരങ്ങളെ ചെടിചട്ടികളിലാക്കാന്‍ ശ്രമിച്ചപ്പോള്‍ പലരും ഷാനവാസിനെ കളിയാക്കിയിരുന്നു. പച്ചക്കറി തൈകള്‍ പരിപാലിച്ചാല്‍ ആവശ്യമായ പച്ചക്കറികളെങ്കിലും ലഭിയ്‌ക്കുമെന്നായിരുന്നു സുഹൃത്തുക്കള്‍ അടക്കമുള്ളവരുടെ അഭിപ്രായം. എന്നാല്‍ ഇന്ന് ബോണ്‍സായ് മരങ്ങള്‍ മനോഹര കാഴ്ചകളായതോടെ അനുയോജ്യമായ തൈകള്‍ കണ്ടാല്‍ ഇവര്‍, ഷാനവാസിന് എത്തിച്ച് നല്‍കി തുടങ്ങി. നിരവധി പേര്‍ പണം നല്‍കി കുള്ളന്‍ മരങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിയ്‌ക്കുന്നുണ്ടെങ്കിലും ഇവ വില്‍ക്കാന്‍ മനസ് അനുവദിയ്‌ക്കില്ലെന്ന് ഷാനവാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: