ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇരുനൂറിലധികം സീറ്റുകള്‍ നേടുമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരുടെ കൊലാപതകങ്ങളില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കടുത്തഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. ബംഗാളിലെ ക്രമസമാധാനം പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് അസന്‍സോളില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ ബാബുല്‍ സുപ്രിയോ പറഞ്ഞു.
‘ബംഗാളിലെ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. മമതാ ബാനര്‍ജി അധികാരത്തിലിരുന്നാല് എല്ലാത്തിനെയും രാഷ്ട്രീയവത്ക്കരിക്കുകയും പൊലീസിനെയും ഭരണത്തെയും ദുരുപയോഗം ചെയ്യുകയും ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 200-ലധികം സീറ്റുകളുടെ ഭൂരിപക്ഷത്തോടെ ബംഗാളില്‍ വിജയിക്കുമെന്ന് വിശ്വസിക്കുന്നു’- വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ബാബുല്‍ സുപ്രിയോ പ്രതികരിച്ചു.
ബിജെപി ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സംസ്ഥാനത്തിന് അര്‍ഹമായതെല്ലാം ലഭിക്കും. മമതാ ബാനര്‍ജി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല. ബിജെപിക്ക് വഴി തെളിഞ്ഞു. ബംഗാളില്‍ തങ്ങള്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 130-ലേറെ ബിജെപി പ്രവര്‍ത്തകര്‍ ബംഗാളില്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തിന്റെ ക്രമസമാധാനം പൂര്‍ണമായും പരാജയപ്പെട്ടു.
ബിജെപി അക്രമങ്ങളില്‍ ഏര്‍പ്പെടില്ല. അക്രമസംഭവങ്ങള്‍ കാരണം ബംഗാള്‍ എന്നും വാര്‍ത്തകളിലുണ്ട്. തങ്ങളുടെ നേതാക്കള്‍ക്കെതിരെയും നിരവധി ആക്രമണങ്ങളുണ്ടായെന്ന് ബാബുല്‍ സുപ്രിയോ ചൂണ്ടിക്കാട്ടി. 294 നിയമസഭാ മണ്ഡലങ്ങളാണ് ബംഗാളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: