കൊട്ടാരക്കര: ‘കെ’ എന്ന രഹസ്യ ഗ്രൂപ്പുണ്ടാക്കി കോണ്‍ഗ്രസിലെ വിമത സ്വരമായി മാറിനിന്ന കൊടിക്കുന്നില്‍ സുരേഷ് ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ (എ) ഗ്രൂപ്പില്‍ മടങ്ങിയെത്തി. രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പുമായി ചര്‍ച്ച നടത്തി അവിടേക്ക് പോകാനിരിക്കവെയാണ് പെട്ടെന്നുളള മനംമാറ്റം.
നില്‍ക്കുന്നിടത്ത് ഉറച്ചു നില്‍ക്കാതെയുളള കൊടിക്കുന്നിലിന്റെ ചാഞ്ചാട്ടത്തില്‍ ആശങ്കയിലാണ് ഒപ്പമുളള അണികള്‍. മൂന്നുവര്‍ഷക്കാലം സ്വതന്ത്രനിലപാടില്‍ തുടര്‍ന്ന കൊടിക്കുന്നിലിനെ വരുതിയിലാക്കാന്‍ ചെന്നിത്തല ശ്രമിച്ചു വരികയായിരുന്നു. ഇതിനായി മൂന്നുവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഇതറിഞ്ഞ ഉമ്മന്‍ചാണ്ടി ജില്ലയില്‍ ദുര്‍ബലമായി പോകുന്ന ‘എ’ ഗ്രൂപ്പിനെ ശക്തമാക്കാന്‍ നേരിട്ടിറങ്ങി കൊടിക്കുന്നിലെ കൂടെകൂട്ടുകയായിരുന്നു. ബെന്നി ബഹനാന് വഴിയായിരുന്നു നീക്കം.
കൊല്ലം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ‘എ’ ഗ്രൂപ്പുമായി അകന്ന് അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വി.എം. സുധീരനോട് കൊടിക്കുന്നില്‍ അടുക്കുന്നത്.
പിന്നീടങ്ങോട്ട് കൊടിക്കുന്നിലിനെ ഇരുഗ്രൂപ്പുകളും ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെ സ്വന്തമായി ‘കെ’ പക്ഷമുണ്ടാക്കി കോണ്‍ഗ്രസിലെ വിമത സ്വരമായി പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് വീണ്ടും പഴയ പക്ഷത്തേക്കുളള മടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: