പത്തനാപുരം: തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇടതുമുന്നണിയിലെ പോര് കൂടുതല്‍ വഷളാകുന്നു. പട്ടാഴി ബ്ലോക്ക് ഡിവിഷന് സീറ്റിനെ ചൊല്ലിയുളള തര്‍ക്കമാണ് പുതിയ വിവാദത്തിന് കാരണം.
സിപിഐ സ്ഥാനാര്‍ഥി പത്രിക നല്കി പ്രചരണം ആരംഭിച്ചതിന് പിന്നാലെ സിപിഎമ്മും ഇതേ ഡിവിഷനില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ധേശ പത്രിക നല്കി. സംഭവം വിവാദമായതോടെ ഇടതുമുന്നണിയില്‍ പോര് മുറുകുകയാണ്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ പട്ടാഴി ഡിവിഷനില്‍ കാലങ്ങളായി മത്സരിച്ച് വിജയിക്കുന്നത് സിപിഐ പ്രതിനിധിയാണ്. ഇത്തവണ വനിതാ സംഭരണമായതോടെ സിപിഐ പട്ടാഴി ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രദീപ് കുമാറിന്റെ ഭാര്യ ശ്രീജാപ്രദീപിനെയാണ് മത്സരത്തിനിറക്കിയത്.
ആദ്യഘട്ട പ്രചരണം നടത്തി രണ്ടാംഘട്ടത്തിലേക്ക് തുടക്കമിട്ടപ്പോഴാണ് സിപിഎം സ്ഥാനാര്‍ഥിയായി ഏറത്തു വടക്ക് സ്വദേശിനി സുനിതാ സുഭാഷ് ഇതേ ഡിവിഷനിലേക്ക് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കാര്യം അറിയുന്നത്. പട്ടാഴിയിലെ പ്രാദേശികനേതാക്കളെ അറിയിക്കാതെ സിപിഐ പത്തനാപുരം മണ്ഡലം നേത്യത്വം സിപിഎമ്മുമായി ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
സിപിഐ മണ്ഡലം സെക്രട്ടറിയുടെ ബന്ധുവായ വനിതയെ മത്സരിപ്പിക്കുന്നതിന് വേണ്ടി സിപിഎമ്മിന്റെ കൈവശമിരുന്ന കുണ്ടയം ഡിവിഷന് വാങ്ങിക്കൊണ്ട് പട്ടാഴി ഡിവിഷന് കൈമാറുകയായിരുന്നത്രേ. പട്ടാഴിയിലെ പ്രദേശികഘടകത്തോട് ചര്‍ച്ചപോലും നടത്താതെയുളള സിപിഐ നേത്യത്വത്തിന്റെ നടപടി വലിയ വിഭാഗീയതയിലേക്കാണ് നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: