കുന്നത്തൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഐയില്‍ ആഭ്യന്തരകലഹം രൂക്ഷം. ശാസ്താംകോട്ട പഞ്ചായത്തിലെ ഭരണിക്കാവ് ടൗണ്‍ 19-ാം വാര്‍ഡ് സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. ഇതില്‍ പ്രതിഷേധിച്ച് സിപിഐ ഭരണിക്കാവ് ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും 15 പേര് രാജിവെച്ച് വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കി.
വനിതാസംവരണ വാര്‍ഡില്‍ സിപിഐക്കാണ് സീറ്റ്. 2005ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രസന്നകുമാരിയെ ഇത്തവണ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം സിപിഐ ലോക്കല്‍, മണ്ഡലം കമ്മറ്റികള്‍ നിരസിച്ചു. പകരം തൊട്ടടുത്ത വാര്‍ഡില്‍നിന്നും ഒരാളെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിനെതിരെയാണ് വിമത സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവും മണ്ഡലം കമ്മറ്റിയംഗവുമായ ജി. ബാഹുലേയന്റെ നേതൃത്വത്തില്‍ ബ്രാഞ്ച് അംഗങ്ങള്‍ രാജിവെച്ചത്. 2010ലെ തെരഞ്ഞെടുപ്പില്‍ ബാഹുലേയനാണ് വിജയിച്ചത്.
വളരെക്കാലമായി പാര്‍ട്ടി നേതൃത്വവുമായി പിണങ്ങി നില്ക്കുന്ന ബാഹുലേയന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കുന്നതിനെ ലോക്കല്‍കമ്മറ്റി ശക്തമായി എതിര്‍ത്തു. ഭാര്യയും ഭര്‍ത്താവും മാറിമാറി മത്സരിക്കുന്നതിലുള്ള എതിര്‍പ്പും നേതൃത്വം ഉയര്‍ത്തി. എന്നാല്‍ മത്സരിക്കാന്‍ താല്‍പ്പര്യമുള്ള നിരവധിപ്പേര്‍ വാര്‍ഡില്‍ തന്നെയുള്ളപ്പോള്‍ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് മറ്റൊരു വാര്‍ഡില്‍ നിന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നാണ് ബാഹുലേയന് പക്ഷം പറയുന്നത്.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെയും പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാണ്. വാര്ഡ്കമ്മിറ്റിയുടെ ആവശ്യം തള്ളി ഡിസിസി ജനറല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചയാളെ സ്ഥാനാര്‍ഥിയാക്കിയെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: