പീരുമേട്: തെരഞ്ഞെടുപ്പിന് ഇനി 18 ദിവസം മാത്രം അവശേഷിക്കെ മൈക്ക് അനൗണ്‍സ്മെന്റ് നടത്തിപ്പുകാരും തൊഴിലാളികളും പ്രതീക്ഷയില്‍. അതേ സമയം അനൗണ്‍സ്‌മെന്റിനായി കാര്യമായ ബുക്കിങ് ലഭിച്ചിട്ടില്ലെന്ന് ഈ മേഖലയിലെ തൊഴിലാളികള്‍ പറയുന്നു.
സാധാരണയായി തെരഞ്ഞെടുപ്പ് മുറുകുന്ന മുറയ്ക്ക് നാട്ടിലെമ്പാടും അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായാറുള്ളതാണ്. ഇത്തവണ കൊറോണ മൂലം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം അധികവും നടക്കുന്നത്.
ജില്ലയിലാകെ പഞ്ചായത്ത് ലൈസന്‍സുള്ള 180 പേരാണ് ഈ മേഖലയിലുള്ളത്. എന്നാല്‍ ഇത് കൂടാതെ വിവിധയിടങ്ങളിലായി 400 ഓളം ചെറിയ ഷോപ്പുകളുണ്ടെന്നാണ് കണക്ക്. സംഘടനയില്‍ രജിസ്റ്റര്‍ ചെയ്ത 1600 പേരും താല്‍ക്കാലിക വ്യവസ്ഥയില്‍ 2000ല്‍ അധികം പേരും ഈ മേഖലയില്‍ ജോലി എടുത്തിരുന്നു.
കൊറോണയുടെ പ്രതിസന്ധി ആരംഭിച്ചതോടെ ഇവരെല്ലാം മറ്റ് ജോലികള്‍ക്ക് പോയി ആണ് ഉപജീവനം നടത്തുന്നത്. എന്നാല്‍ ലോണെടുത്തും സ്വര്‍ണ്ണം പണയംവെച്ചും മൈക്ക്, സ്പീക്കര്‍, ലൈറ്റ് തുടങ്ങിയ വാടകയ്‌ക്ക് കൊടുത്ത് ഉപജീവനം നടത്തിയിരുന്നവരുമാണ് ദുരിതത്തിലായത്.
ഉപയോഗം ഇല്ലാതെ വന്നതോടെ ഇവയെല്ലാം നാശത്തിന്റെ വക്കിലാണ്. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളായതിനാല്‍ തകരാര്‍ വന്നാല്‍ നന്നാക്കാനും വലിയ തുക മുടക്കാകും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവസാന ലാപ്പിലേക്ക് എത്തുമ്പോള്‍ അനൗണ്‍സ്മെന്റുകള്‍ വര്‍ദ്ധിക്കുമെന്നും തങ്ങളുടെ ജീവിതം പച്ചപിടിക്കുമെുമാണ് ഇവര്‍ കണക്ക് കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക