കുളത്തൂപ്പുഴ: അന്തിയുറങ്ങാനിടമില്ലാതെ പുറമ്പോക്കില്‍ കഴിയുന്ന അരിപ്പയിലെ പാവങ്ങള്‍ ഇനി അന്തിമപോരാട്ടത്തിന്. കഴിഞ്ഞ എട്ടുവര്‍ഷമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഭൂരഹിതരായ ദളിത്-ആദിവാസി വിഭാഗങ്ങളിലുള്ള ദരിദ്രരാണ് കുളത്തൂപ്പുഴ അരിപ്പയിലെ സര്‍ക്കാര്‍വക മിച്ചഭൂമിയില്‍ കുടില്‍കെട്ടി കഴിയുന്നത്. വാസയോഗ്യമായ ഭൂമി നല്‍കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നിറവേറ്റാത്തതില്‍ പ്രതിഷേധിച്ചാണ് ദളിത്-ആദിവാസി മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ അന്തിമപോരാട്ടത്തിനൊരുങ്ങുന്നത്.
ആയിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമിയും കൈയേറ്റഭൂമിയും കേരളത്തിലുണ്ടായിരിക്കെ ദളിതരും ആദിവാസികളുമായ ഭൂരഹിതരെ ഇടതു-വലതു സര്‍ക്കാര്‍ നിരന്തരം അവഗണിക്കുകയാണ്. ദളിതരെയും ആദിവാസികളെയും മൃതശരീരം പോലും മറവ് ചെയ്യാന്‍ ഇടമില്ലാതെ അടുക്കള പൊളിക്കേണ്ടുന്നവരാക്കിയവരാണ് ഇവിടുത്തെ മുന്നണികള്‍. പിന്നാക്കവിഭാഗങ്ങളെ അടിമകളായി മാത്രം കണ്ട ഭരണവര്‍ഗങ്ങളോട് കോളനിവിട്ട് കൃഷിഭൂമിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം.
പട്ടികജാതിക്കാരനെ മൂന്ന് സെന്റ് കോളനിയിലും ലക്ഷംവീടിലും തളച്ചിട്ട് നേതാക്കള്‍ മണിമാളികകളില്‍ സുഖിക്കുകയാണന്ന് സമരക്കാര്‍ പറയുന്നു. അരിപ്പയില്‍ എട്ടുവര്‍ഷമായി തുടരുന്ന സമരത്തെ പരിഹസിക്കുകയും അവഗണിക്കുകയുമായിരുന്നു ഇടതു സര്‍ക്കാര്‍. മാവോയിസ്റ്റുകളെന്ന് വിളിച്ച് തല്ലിക്കൊല്ലാന്‍ മുതിര്‍ന്നവരെ സഹനസമരത്തിലൂടെ തോല്‍പ്പിച്ച അരിപ്പയിലെ സമരക്കാരെ കൃഷിനിരോധിച്ച് പട്ടിണിക്കിട്ട പിണറായിവിജയന് സര്‍ക്കാരിന്റെ മൃഗീയനയങ്ങള്ക്കെതിരെ പ്രതിഷേധം കനക്കുകയാണ്.
ആദിവാസികള്‍ക്ക് കൃഷിചെയ്യാന്‍ മൂന്നേക്കര്‍ ഭൂമിയും താമസിക്കാന്‍ പതിനഞ്ചുസെന്റ് ഭൂമിയും കൊടുക്കണമെന്ന ആവശ്യവും നിരാകരിച്ച മട്ടാണ്. സമരഭൂമിയിലെ കുഞ്ഞുങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനവും റേഷനും നിഷേധിച്ചുകഴിഞ്ഞു. ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റമാഫിയകള് കൈവശം വച്ചിരിക്കുമ്പോഴാണ് ദരിദ്രരും പട്ടിണിപ്പാവങ്ങളും ടാര്‍പാളിന്‍ വലിച്ചു കെട്ടിയതിന് കീഴില്‍ അന്തിയുറങ്ങാനിടമില്ലാതെ നരകിക്കുന്നതെന്ന് ആദിവാസി-ദളിത് മുന്നേറ്റ സമിതി അധ്യക്ഷന്‍ ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു. ആദിവാസി വിഭാഗങ്ങളോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് അരിപ്പയിലെ സമരഭൂമിയിലുള്ളവര്‍ ഇന്ന് രാവിലെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യും. ശ്രീരോമന് കൊയ്യോന്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: