കൊല്ലം: പിന്നാക്കത്തിലും പിന്നാക്കമായ ഒരുജനസമൂഹത്തില്നിന്നുമാണ് രവികുമാര്‍, കൊല്ലം കോര്‍പ്പറേഷനിലെ കന്റോണ്‍മെന്റ് ഡിവിഷനില്‍ താമര വിരിയിക്കാനുള്ള നിയോഗം ഏറ്റെടുക്കുന്നത്. ചക്കിലിയന്‍ സമൂഹത്തിലെ ശുചീകരണ തൊഴിലാളികള്‍ക്കിടയില്‍ നിന്ന് ആദ്യമായി കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹമിപ്പോള്‍.
ആട്ടോ ഓടിച്ചാണ് രവികുമാറിന്റെ ഉപജീവനം. എല്ലാവരും മറന്ന മറ്റൊരു മുഖം രവികുമാറിനുണ്ട്. ഒരു സിനിമാനടന്റെ. അതും സാമൂഹ്യപ്രസക്തിയുള്ള ഒരു ചിത്രത്തില്‍. മാന്‍ഹോള്‍ എന്ന സിനിമയിലെ നായക കഥാപാത്രമായിരുന്നു രവികുമാര്‍. സിനിമയല്ല, യഥാര്ഥജീവിതമെന്ന് രവികുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്ന് താരമായപ്പോള്‍ ഒട്ടിച്ച സിനിമാപോസ്റ്ററുകള്‍ കീറി നശിപ്പിച്ചു. ഇപ്പോള്‍ സ്ഥാനാര്‍ഥിയായപ്പോള്‍ അടിച്ചുവച്ച തെരഞ്ഞെടുപ്പ് പോസ്റ്റര്‍ എടുക്കാന്‍പോലും ബുദ്ധിമുട്ടുകയാണ്.
വൃത്തിയുടെ ജാതിയും രാഷ്ട്രീയവും ഇതിവൃത്തമാക്കി വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രമാണ് മാന്‍ഹോള്‍. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ രവികുമാര്‍ നാടാകെ സുപരിചിതനായി. അന്ന് സിനിമ പുറത്തിറങ്ങിയപ്പോള്‍ രവികുമാറിന്റെ പോസ്റ്ററുകള്‍ കൊല്ലം കോര്പറേഷന് ഭാഗങ്ങളില്‍ നിറഞ്ഞു, പക്ഷേ അവയ്ക്കൊന്നും ആയുസ് ഉണ്ടായിരുന്നില്ല. കോര്‍പ്പറേഷനിലെ പ്രമുഖ രാഷ്ട്രീയനേതാക്കളുടെ ലിസ്റ്റിലുള്ള ചേരി, ഒഴിപ്പിക്കുന്നതിനെതിരെ രംഗത്ത് വന്നതിന്റെ പകയായിരുന്നു കാരണം.
2016ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്ന് രവികുമാറിന്റെ ചിത്രം നീക്കം ചെയ്തതും താഴ്ന്ന ജാതിയോടുള്ള സര്‍ക്കാരിന്റെ വിവേചനമാണ് തെളിയിച്ചത്. ഇന്നും സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ രവികുമാറിന്റെ ചിത്രമുള്ള ശ്രദ്ധേയമായ പോസ്റ്റര്‍ ലഭ്യമല്ല. ഇതില്‍ ഇദ്ദേഹത്തിന് ആരോടും പരാതിയുമില്ല. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നഗരം വൃത്തിയാക്കുന്നതിനായി എത്തിയ തോട്ടിപ്പണിക്കാരുടെ പിന്തലമുറക്കാരനാണ് രവികുമാര്‍. കൊല്ലം കോര്‍പ്പറേഷനിലെ കന്റോണ്‍മെന്റ് ഡിവിഷനിലാണ് രവികുമാര്‍ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: