പുനലൂര്‍: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ വൃഥാവിലാകുന്നു. ക്ഷേത്രാരാധനയുടെ ഭാഗമായുള്ള നേര്ച്ചകളുടെയും വഴിപാടുകളുടെയും നിരക്ക് കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ദേവസ്വം ഭണ്ഡാരങ്ങളിലേക്ക് മാറ്റിയതും ഭക്തരെ ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്. ബോര്‍ഡിന്റെ ഭാഗത്തു നിന്നും യാതൊരു ചെലവുമില്ലാത്ത ചരടുപൂജ, ചാവിപൂജ, മാലപൂജ, പുണ്യാഹം എന്നിവയ്ക്കു പോലും വന്‍തുകയാണ് രസീതുംപടി ഈടാക്കുന്നത്.
പുറമെയാണ് ഓട്ട് ഉരുളികളും വിളക്കുകളുമെല്ലാം ദേവസ്വം ഭണ്ഡാരങ്ങളിലേക്ക് മാറ്റിയത്. ഭക്തജന പ്രതിഷേധം വകവയ്ക്കാതെ ഇത്തരത്തില്‍ ക്ഷേത്രത്തിലെ വസ്തുക്കള്‍ സീല്‍ ചെയ്ത് ഭണ്ഡാരപ്പുരകളിലേക്ക് മാറ്റിയതോടെ അന്തിത്തിരി കത്തിക്കാന്‍ പോലും വിളക്കുകള്‍ ഇല്ലാത്ത അവസ്ഥയാണ് മിക്ക ക്ഷേത്രങ്ങളിലുമുള്ളത്. വൃശ്ചികമാസ-മണ്ഡലകാല ചിറപ്പ് മഹോത്സവങ്ങള്‍ ആയതോടെ ചിറപ്പ് നേര്‍ച്ചയായി നടത്തുന്നവര്‍ കൂടുതല്‍ വിളക്കുകള്‍ കത്തിക്കാന്‍ ആഗ്രഹിച്ചാല്‍ വിളക്കുകള്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. പുതുതായി നേര്‍ച്ചയിനത്തില്‍ എത്തുന്ന വിളക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം.
ദേവസ്വം ബോര്‍ഡിന്റെ പദ്ധതികള്‍ ഏറെയും ഇപ്പോള്‍ പ്രയോജനരഹിതമായിരിക്കുകയാണ്. കാവുകളും കുളങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി പേരില്‍ മാത്രം ഒതുങ്ങി. പല ക്ഷേത്രങ്ങളിലും ചെടികളും വൃക്ഷതൈകളും മറ്റും വിതരണം ചെയ്ത് ലക്ഷങ്ങള്‍ ചെലവഴിച്ചുവെങ്കിലും ഇത് നടുന്നതിനോ മറ്റോ സംവിധാനമൊരുക്കാത്തതിനാല്‍ പല ക്ഷേത്രങ്ങളിലും ചെടികളും മറ്റും നശിച്ചു കൊണ്ടിരിക്കുകയാണ്. ദേവസ്വംഭൂമി അളന്ന് തിട്ടപ്പെടുത്താത്തതിനാല്‍ പല സ്ഥലങ്ങളിലും വ്യാപക കൈയേറ്റമാണ് നടക്കുന്നത്. പുനലൂരിലെ മാമ്പഴത്തറ ദേവീക്ഷേത്രത്തോട് ചേര്‍ന്നുള്ള ഏക്കറുകണക്കിന് ദേവസ്വം ഭൂമിയാണ് നഷ്ടപ്പെട്ടത്. അയ്യപ്പന്റെ പേരില്‍ ഇന്നും കരമടയ്ക്കുന്ന ഭൂമിയാണ് വനംമന്ത്രി കെ. രാജു പട്ടയഭൂമിയാക്കി വിതരണം ചെയ്തത്.
ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് യഥാവിധി പൂജാവിധികള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് പലയിടത്തും ഉള്ളത്. ഉപദേശകസമിതികളെ നിര്‍ജീവമാക്കി ദേവസ്വം ജീവനക്കാരെ ഭരണം ഏല്‍പ്പിക്കുമ്പോള്‍ ക്ഷേത്രത്തിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങളും ഇല്ലാതായി. ജീവനക്കാരില്‍ ഏറെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ക്ഷേത്രത്തില്‍ പകരക്കാരെ നിയമിക്കുകയാണ് പതിവ്. തെരഞ്ഞെടുപ്പ് എത്തിയതോടെ ഒരു ക്ഷേത്രങ്ങളിലും ജീവനക്കാരില്ല. എല്ലാം പകരക്കാരില്‍ ഒതുങ്ങി. ഇവരെ നിയന്ത്രിക്കേണ്ടവര്‍ യൂണിയന് നേതാക്കള്‍ ആയതോടെ ദുരിതത്തിലായത് സാധാരണ ഭക്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: