തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം ജയിലില്‍നിന്ന് പുറത്തെത്തിച്ചത് മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിസിടിവി ദൃശ്യങ്ങളും സ്വപ്നയെ സന്ദര്‍ശിച്ചവരുടെ പട്ടികയും പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം കോര്പറേഷന് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രന്.
ഇത്രയും ഗൗരവമുള്ള കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന് ആരുടെയും സഹായമില്ലാതെ ഓഡിയോ സന്ദേശം പുറത്തെത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന് കെ സുരേന്ദ്രന് ചോദിച്ചു. ജയില്‍ ഡിജിപിയും സര്‍ക്കാരും ഇതിന് മറുപടി പറയണം.കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ നിരവധിയാളുകളാണ് സ്വപ്ന സുരേഷിനെ കഴിഞ്ഞദിവസം ജയിലില്‍ സന്ദര്‍ശിച്ചത്. ഇക്കൂട്ടത്തല്‍ മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും ആളുകളുമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് താന്‍ ഇന്നലെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയുമായും അടുത്ത ബന്ധമുണ്ട്. കിഫ്ബി ഇടപാടുകളില്‍ സ്വര്‍ണക്കള്ളകടത്തു പ്രതികള്‍ക്ക് വ്യക്തമായ പങ്കുണ്ട്. മസാല ബോണ്ടുകളില്‍ വലിയ അഴിമതി നടന്നിരിക്കുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരും. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസുമാണ് സ്വര്‍ണക്കടത്ത് സംഘത്തിനും അനുബന്ധ തട്ടിപ്പുകാര്‍ക്കും എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തതെന്ന ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇനി ഒരു ക്യാപ്സൂളുകൊണ്ടും പിടിച്ചുനില്ക്കാന് കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും അത്രമാത്രം വെറുത്തിരിക്കുന്നുവെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: