തൃശൂര്‍: ജില്ലാപഞ്ചായത്ത് അവണൂര്‍ ഡിവിഷനില്‍ സമസ്ത മേഖലയിലും വികസന മുരടിപ്പാണെന്ന് ജനങ്ങള്‍. അവണൂര്‍, കോലഴി, മുളങ്കുന്നത്തുകാവ് (7 വാര്‍ഡുകള്‍) അടാട്ട് (3 വാര്‍ഡുകള്‍), കൈപ്പറമ്പ് (2 വാര്‍ഡുകള്‍) എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഡിവിഷന്.
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുകളൊന്നും തന്നെ അവണൂരില്‍ വിനിയോഗിച്ചിട്ടില്ല. പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്ന കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് അലംഭാവം കാട്ടി. ജനോപകാരപ്രദമായ പദ്ധതികളൊന്നും ഡിവിഷനില്‍ നടപ്പാക്കിയിട്ടില്ല. മഴക്കാലത്ത് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാകും. ഇതേ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു പോകാറുണ്ട്.
വെള്ളക്കെട്ട് പരിഹരിക്കാനുള്ള പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഇതുവരെയും മുന്‍കൈയ്യെടുത്തിട്ടില്ല. കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ വിവിധ മേഖലകളില്‍ കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് നാട്ടുകാര്‍ വലയുകയാണ്. നിരവധി ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതെയായിട്ടും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ പി.ആര് സുരേഷ് ബാബുവാണ് നിലവില്‍ അവണൂര്‍ ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
* കേന്ദ്ര ഫണ്ട് വിനിയോഗിച്ചുള്ള വികസന പദ്ധതികള്‍ ഡിവിഷനില്‍ നടന്നിട്ടില്ല
* കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ ജില്ലാ പഞ്ചായത്ത് തീര്‍ത്തും അവഗണിച്ചു. കേന്ദ്ര ഫണ്ട് ലഭ്യമാക്കാന്‍ ക്രിയാത്മക നടപടിയുണ്ടായില്ല.
* കുടിവെള്ളപദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ പലയിടത്തും രൂക്ഷമായ കുടിവെള്ള പ്രശ്നം.
* കോലഴി തവളകുളം കോളനി, പാമ്പൂര്‍ തിരുത്ത് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം
* കാര്‍ഷിക മേഖലയെ പൂര്‍ണമായി തഴഞ്ഞു. കൃഷിയ്ക്കും കര്‍ഷകനുമായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തില്ല
* കലാ-കായിക-സാംസ്കാരിക മേഖലയ്ക്കായി യാതൊരുവിധ ഫണ്ടും അനുവദിച്ചില്ല
* ഗ്രൗണ്ടും സ്റ്റേഡിയവുമില്ലാത്തതിനാല് പരിശീലനം നടത്താന്‍ സാധിക്കാതെ കായിക താരങ്ങള്‍ ബുദ്ധിമുട്ടുന്നു
* പൊതു കുളങ്ങളും കിണറുകളും സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചില്ല
* അവണൂര്‍ കമ്പിപാലം വര്‍ഷങ്ങളായി അപകടാവസ്ഥയില്‍. പാലത്തിന്റെ അറ്റകുറ്റപണികള്‍ക്ക് നടപടിയുണ്ടായിട്ടില്ല
* തകര്‍ന്നു കിടക്കുന്ന നിരവധി ഗ്രാമീണ റോഡുകള്‍ നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയില്ല
* തെരുവു വിളക്കുകളില്ലാത്തതിനാല്‍ രാത്രിയില്‍ ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര ദുഷ്ക്കരമാകുന്നു. വിവിധ പ്രദേശങ്ങളില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുത്തില്ല
* തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ പരിഗണന നല്‍കിയില്ല. 50ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അവണൂരിലെ കെഎസ്ഇബി പോസ്റ്റ് നിര്‍മ്മാണ സംരംഭത്തിന്റെ പുനര്‍പ്രവര്‍ത്തനത്തിന് നടപടിയെടുത്തില്ല
എല്‍ഡിഎഫ് അവകാശവാദം
* വിവിധ മേഖലകളിലായി ഡിവിഷനില്‍ മൊത്തം 5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
* അവണൂര്‍-എടക്കുളം റോഡ് 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു
* 45 ലക്ഷം രൂപ ചെലവില്‍ മഹാത്മ മെഡിക്കല്‍ കോളേജ് റോഡിന്റെ (നാരായണത്ര-വെളപ്പായ റോഡ്) അറ്റകുറ്റപണികള്‍ നടത്തി
* അവണൂര്‍ ആഞ്ഞാംകുളം, മുളങ്കുന്നത്തുകാവ് ഇരട്ടകുളം, കോലഴി ചേന്ദംകുളം, വേണാട്ടുകുളം എന്നിവയുടെ നവീകരണത്തിന് മൊത്തം 50 ലക്ഷം രൂപ നല്കി
* താണിക്കോട് ചിറ, അമ്മണംതോട് തടയണ, അവണൂര്‍ ചെറിയചിറ, മുതുവറ കരയ്ക്കാട് തോട് എന്നിവയുടെ നവീകരണത്തിനും സംരക്ഷണത്തിനുമായി മൊത്തം 57 ലക്ഷം രൂപ അനുവദിച്ചു
* 45 ലക്ഷം രൂപ വിനിയോഗിച്ച് മുളങ്കുന്നത്തുകാവ്, അവണൂര്‍, വെളപ്പായ കുടിവെള്ള പദ്ധതികള്‍
* 8 ലക്ഷം രൂപ ചെലവില്‍ ചൂരക്കാട്ടുകര റോഡ് നിര്‍മ്മിച്ചു
* മുളങ്കുന്നത്തുകാവില്‍ രണ്ടു പുതിയ അങ്കണവാടികള്‍ നിര്‍മ്മിച്ചു. അങ്കണവാടികള്‍ക്ക് എസിയും വാട്ടര്‍പ്യൂരിഫെയറുകളും നല്കി
* വരടിയം അംബേദ്കര്‍നഗര്‍ കോളനി, ചൂരക്കാട്ടുകര ലക്ഷം വീട് കോളനി, ചക്ലിയത്ത് കോളനി എന്നിവയുടെ സമഗ്ര വികസനത്തിനായി മൊത്തം 50 ലക്ഷം രൂപ അനുവദിച്ചു
* വരടിയത്ത് 22 ലക്ഷം രൂപ ചെലവില്‍ സാംസ്കാരിക നിലയം സ്ഥാപിച്ചു
* കുറ്റൂര്‍ ചന്ദ്രമതി മെമ്മോറിയല്‍ സ്കൂളില്‍ 60 ലക്ഷം രൂപ വിനിയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി
* ചൂരക്കാട്ടുകര പാടശേഖരത്ത് മോട്ടോര്‍ഷെഡ് നിര്‍മ്മാണത്തിന് 14 ലക്ഷം അനുവദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: