തൃശൂര്‍: വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ അഴിമതിരഹിത ഭരണം കാഴ്ച വെക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. നിലവില്‍ പ്രതിപക്ഷ സ്ഥാനത്തുള്ള ബിജെപി ഇത്തവണ അധികാരത്തിലേറുമെന്നുള്ള ആത്മവിശ്വാസത്തിലാണ്. നാലു സീറ്റാണ് നിലവില്‍ ബിജെപിക്കുള്ളത്. 4ാം വാര്‍ഡ് ഏഴാങ്കല്ല്, 16ാം വാര്‍ഡ് ദുബായ്, 14ാം വാര്‍ഡ് അഞ്ചങ്ങാടി, 17ാം വാര്‍ഡ് ഫിഷറീസ് എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്. 18 വാര്‍ഡുകളുള്ള വാടാനപ്പള്ളിയില്‍ 13 സീറ്റുകളോടെ എല്‍ഡിഎഫാണ് ഭരണം. യുഡിഎഫിന് ഒരു സീറ്റുണ്ട്. കഴിഞ്ഞ തവണ 4 സീറ്റുകള്‍ നേടിയതിനു പുറമേ 4 വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 3ാം വാര്‍ഡ് തൃത്തല്ലൂര്‍ വെസ്റ്റ്, 7ാം വാര്‍ഡ് മണപ്പാട്, 9ാം വാര്‍ഡ് നടുവില്‍ക്കര, 18ാം വാര്‍ഡ് മുളങ്ങര, എന്നിവിടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്.
8, 10, 6 എന്നീ വാര്‍ഡുകളില്‍ ജയിച്ചവരേക്കാള് വളരെ കുറച്ച് വോട്ടുകളുടെ വ്യത്യാസമേ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ 13 സീറ്റുകള്‍ നേടി ഇത്തവണ ഭരണം പിടിച്ചെടുക്കുമെന്ന് ബിജെപി പറയുന്നു. നിലവിലെ എല്‍ഡിഎഫ് ഭരണ സമിതി അഴിമതി നിറഞ്ഞ ഭരണമാണ് നടത്തിയത്.സമസ്ത മേഖലകളിലും അഴിമതിയുടെ കറപുരണ്ടിട്ടുണ്ട്. അഴിമതി തുടച്ചു നീക്കിയുള്ള ഭരണമാണ് ബിജെപിയുടെ ലക്ഷ്യം. ‘മടുത്തൊരീ അഴിമതി, വേണമിനി വികസനം’ എന്ന മുദ്രാവാക്യവുമായാണ് ബിജെപി ഇപ്രാവശ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. നടുവില്‍ക്കരയില്‍ ഗ്രൗണ്ടിന് വേണ്ടി ഉപയോഗശൂന്യമായ ചതുപ്പു നിലം ഇരട്ടിയിലധികം വില കൊടുത്ത് ഭരണ സമിതി വാങ്ങിയിരുന്നു. 25 ലക്ഷം രൂപയുടെ അഴിമതിയാണ് പദ്ധതിയില്‍ എല്‍ഡിഎഫ് നടത്തിയത്.
പഞ്ചായത്തിലെ തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന പദ്ധതിക്ക് നിലവിലുണ്ടായിരുന്ന തുകയേക്കാള്‍ നാലിരട്ടി തുകയ്ക്കുള്ള കരാര്‍ നല്‍കിയതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ അഴിമതിയുണ്ടായി. മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന് സമര്‍പ്പിച്ച ക്വട്ടേഷനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിലും അഴിമതി നടന്നതായി ബിജെപി വ്യക്തമാക്കി. ജനോപകാരപ്രദമായ യാതൊരുവിധ പദ്ധതികളും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തില്‍ നടപ്പാക്കിയിട്ടില്ല. ക്ഷേമാനുകൂല്യങ്ങളിലെല്ലാം എല്‍ഡിഎഫ് ഭരണ സമിതി രാഷ്ട്രീയം കലര്‍ത്തി. അര്‍ഹരെ ഒഴിവാക്കി അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. വിവിധ പദ്ധതികള്‍ക്കുള്ള പട്ടികജാതി ഫണ്ടുകളെല്ലാം ലാപ്സാക്കി. പട്ടിക ജാതിക്കാര്‍ക്കുള്ള ആനൂകൂല്യങ്ങള്‍ തന്നെ സിപിഎം അനുഭാവികള്‍ക്ക് മാത്രമായാണ് നല്‍കിയത്.
എല്ലാ വാര്‍ഡുകളിലും കുടിവെള്ള പ്രശ്നം രൂക്ഷമായുള്ളപ്പോഴും കുടിവെള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയില്ല. മഴക്കാലത്തു പോലും നടുവില്‍ക്കര, പൊക്കാഞ്ചേരി മേഖലകളില്‍ കടുത്ത കുടിവെള്ള ക്ഷാമമാണ്. തീരദേശ മേഖല കൂടി ഉള്‍പ്പെടുന്ന പഞ്ചായത്തില്‍ കടലേറ്റ ഭീഷണിയുണ്ട്. കാര്‍ഷിക മേഖലയെ ഭരണസമിതി പാടെ അവഗണിച്ചു.ആരോഗ്യ മേഖലയില്‍ കാര്യമായ ഇടപെടലൊന്നും നടന്നിട്ടില്ല. കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയില്ല. കൊറോണ രോഗികള്‍ക്ക് ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് അവഗണനയാണുണ്ടായത്. വാടാനപ്പള്ളി പഞ്ചായത്തില്‍ ബിജെപി അധികാരത്തിലേറിയാല്‍ അഴിമതി തുടച്ചു നീക്കിയുള്ള വികസനം നടപ്പാക്കുമെന്ന് നേതാക്കള്‍ പറയുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സമഗ്ര പദ്ധതിയും മാലിന്യ സംസ്കരണ പദ്ധതിയും നടപ്പാക്കും. വെള്ളം, വെളിച്ചം, വീട് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. അര്‍ഹരായവര്‍ക്ക് വ്യക്തിഗത ആനുകൂല്യങ്ങളെത്തിക്കുമെന്നും കടലാക്രമണ ഭീഷണിയുള്ള ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടപെടല്‍ നടത്തുമെന്നും ബിജെപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: