തൃശൂര്‍: കാര്‍ഷിക മേഖലയും ട്രൈബല്‍ കോളനികളും ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ആമ്പല്ലൂര്‍ ഡിവിഷന് വികസനമെത്താതെ അവഗണനയില്‍. അളഗപ്പനഗര്‍ (17 വാര്‍ഡുകള്‍), വരന്തരപിള്ളി (16 വാര്‍ഡുകള്‍), മറ്റത്തൂര്‍ (8 വാര്‍ഡുകള്‍), നെന്മണിക്കര (8 വാര്‍ഡുകള്‍), പുതുക്കാട് (1 വാര്‍ഡ്) എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഡിവിഷന്. തെരഞ്ഞെടുപ്പ് സമയത്ത് നിരവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും യാതൊന്നും നടപ്പായില്ലെന്ന് ജനങ്ങള്‍ പറയുന്നു. രൂക്ഷമായ കുടിവെള്ള പ്രശ്നം ഡിവിഷനിലുണ്ട്. ഗ്രാമീണ റോഡുകളെല്ലാം തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതെയാണ് കിടക്കുന്നത്. ആദിവാസി -പട്ടിക ജാതി കോളനികളുടെ സ്ഥിതി ശോചനീയമാണ്. പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്ന കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് വീഴ്ച വരുത്തി. ജനോപകാരപ്രദമായ പദ്ധതികളൊന്നും ഡിവിഷനില്‍ നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ അഡ്വ.ജയന്തി സുരേന്ദ്രനാണ് നിലവില്‍ ആമ്പല്ലൂര്‍ ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
* വികസന പദ്ധതികള്‍ വാഗ്ദാനം മാത്രമായി. കേന്ദ്ര പദ്ധതികള്‍ ഒന്നും തന്നെ ഡിവിഷനില്‍ നടപ്പിയിട്ടില്ല
* ഗവ.ആശുപത്രികളുടെ നിലവാരം ഉയര്‍ത്താന്‍ നടപടികളുണ്ടായില്ല
* നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെച്ചെങ്കിലും പൂര്‍ണത വരുത്തുന്നതില്‍ പരാജയപ്പെട്ടു
* എല്ലാ സ്കൂളുകളും അങ്കണവാടികളും ഹൈടെക് ആക്കുമെന്ന വാഗ്ദാനം പാഴ്വാക്കായി. നിരവധി സ്കൂളുകള്‍ ഇപ്പോഴും ഹൈടെക് ആയിട്ടില്ല.
* അടിസ്ഥാന സൗകര്യങ്ങളില്ലാതെ പട്ടികജാതി-ആദിവാസി കോളനിവാസികള്‍ ദുരിതത്തില്‍. കോളനികളില്‍ ഇപ്പോഴും വൈദ്യുതിയും ശൗചാലയങ്ങളുമില്ല.
* റോഡുകളുടെ ശോചനീയാവസ്ഥ തുടര്‍ക്കഥയാകുന്നു. ഗ്രാമീണ മേഖലയില്‍ നിരവധി റോഡുകള്‍ ഗതാഗതയോഗ്യമല്ല
* മറ്റത്തൂര്‍ പ്രാഥികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുമെന്ന വാഗ്ദാനം നടപ്പായില്ല
* ഡിവിഷനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള പ്രശ്നം രൂക്ഷം
* പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്ന് ജില്ല പഞ്ചായത്ത് പൂര്‍ണമായും മുഖം തിരിച്ചു
* ജലാശയങ്ങളുടെ സംരക്ഷണത്തിന് യാതൊരുവിധ പദ്ധതികളുമുണ്ടായില്ല
* തെരുവ് വിളക്കുകള്‍ പലയിടത്തും പ്രവര്‍ത്തനരഹിതമായി കിടക്കുന്നു
* മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ നടപടിയുണ്ടായില്ല
എല്‍ഡിഎഫ് അവകാശവാദം
* ഡിവിഷനില്‍ വിവിധ മേഖലകളിലായി മൊത്തം 10 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി
* അളഗപ്പനഗര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ മേഴ്സി കോളനി, സെറ്റില്‍മെന്റ് കോളനി എന്നിവിടങ്ങളില്‍ മൊത്തം 60 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി
* കൈതകുളം-പുളിഞ്ചോട് കാന നവീകരണത്തിന് 68 ലക്ഷം രൂപ അനുവദിച്ചു
* ഒന്നര കോടി രൂപ ചെലവഴിച്ച് സ്കൂളുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കി
* കള്ളിചിത്ര കോളനിയില്‍ 86 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി
* 36 ലക്ഷം രൂപ വിനിയോഗിച്ച് എച്ചിപ്പാറ കോളനിയില്‍ വനിതാ വ്യവസായ തൊഴില്‍ കേന്ദ്രം നിമ്മിച്ചു
* നടാംപാടം കള്ളിച്ചിത്ര കോളനിയില്‍ 30 ലക്ഷം രൂപ ചെലവില്‍ സാംസ്കാരിക നിലയം നിര്‍മ്മിച്ചു
* 10 ലക്ഷം രൂപ ചെലവില്‍ കരയാംപാടത്ത് പുതിയ അങ്കണവാടി നിര്‍മ്മിച്ചു
* കരയാംപാടത്തും വേലൂപ്പാടത്തും 10 ലക്ഷം രൂപ വീതം വിനിയോഗിച്ച് ലിഫറ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കി. അളഗപ്പനഗര്‍ ചേന്ദംകുളം നവീകരണ പദ്ധതിയ്ക്കായി 50 ലക്ഷം രൂപ അനുവദിച്ചു
* 30 ലക്ഷം രൂപ വിനിയോഗിച്ച് ആലിക്കപാടം പട്ടികജാതി കോളനി സമഗ്രവികസനം നടപ്പാക്കി
* അളഗപ്പനഗര്‍ പാലക്കുന്ന് പട്ടികജാതി കോളനി വികസനത്തിന് 20 ലക്ഷം അനുവദിച്ചു. വരന്തരപിള്ളി തിരുക്കുഴി പട്ടികജാതി കോളനിയില്‍ 13 ലക്ഷം രൂപ വിനിയോഗിച്ച് സമഗ്ര വികസനം നടപ്പാക്കി
* 70 ലക്ഷം രൂപ ചെലവില്‍ വരാക്കര -പയ്യാക്കര റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി
* കരുവാപ്പടി ഈശാനിമംഗലം പാലം 15 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു. നടാപാടം പാലം നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു
* ചെമ്പൂച്ചിറ ഗവ.സ്കൂളിലേക്ക് 85 ലക്ഷം രൂപയുടെ ഫര്‍ണീച്ചര്‍ നല്കി. കന്നാറ്റുപാടത്ത് ബാസ്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മ്മിച്ചു
* പാലപ്പിള്ളി-കുണ്ടായി റോഡ് 33 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. 10 ലക്ഷം രൂപ ചെലവില്‍ മറ്റത്തൂര്‍ കുംഭകുളങ്ങര റോഡ് നിര്‍മ്മിച്ചു
* ഒളനപറമ്പ് കോളനി പുഴ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു
* മറ്റത്തൂര്‍ നാഡിപ്പാറ കോളനിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ച് സാംസ്കാരിക നിലയം നിര്‍മ്മിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: