കൊല്‍ക്കത്ത: അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുവരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും എല്ലാ മാസവും പശ്ചിമ ബംഗാളിലെത്തും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം പകരാനാണ് ഇതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ അമിത് ഷായും ജെ പി നദ്ദയും എല്ലാ മാസവും രണ്ടു ദിവസം പ്രത്യേകം, പ്രത്യേകം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്‍ക്കത്തയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തീയതികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇരുവരും പതിവായി സംസ്ഥാനത്ത് എത്തുന്നത് പാര്‍ട്ടിപ്രവര്‍ത്തകരുടെ മനോവീര്യം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തവര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ബിജെപി നേതാവ് കൈലാഷ് വിജയ് വര്ഗീയയ്ക്കാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ളത്. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി അരവിന്ദ് മേനോനും ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയുമാണ് ബംഗാളിന്റെ സഹചുമതലക്കാര്. പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ബീഹാറിലെ തെരഞ്ഞെടുപ്പ് വിജയം പശ്ചിമ ബംഗാളിലെ പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസം നല്കുന്നു. അധികാരത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയങ്ങളില്‍ ഒന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: