പാലക്കാട് : അഡ്വക്കേറ്റ് എ. ജയശങ്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കണോയെന്ന് താനും ചിന്തിക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കര്‍ ഉള്ളതിനാല്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ് സിപിഎം എംഎല്‍എ ഷംസീര്‍ ഇറങ്ങിപ്പോയിരുന്നു. സംഭവത്തില്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തിലാണ് സന്ദീപ് വാര്യര്‍ ഇത്തരത്തില്‍ പരിഹാസം ചൊരിഞ്ഞത്.
‘ജയശങ്കര്‍ ഉള്ള ചര്‍ച്ചക്ക് പങ്കെടുക്കണോ എന്ന് ഞാനും ചിന്തിക്കുകയാണ്. ജയശങ്കര്‍ ഉണ്ടെങ്കില്‍ സിപിഎം പ്രതിനിധി ഇറങ്ങിപ്പോവും. ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കാന്‍ ഒരു ത്രില്ലില്ല’. എന്നായിരുന്നു സന്ദീപ് വാര്യരുടെ എഫ്ബി പോസ്റ്റ്.
പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് സംബന്ധിച്ചാണ് ചാനലില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. എന്നാല്‍ പാനലില്‍ അഡ്വ. ജയശങ്കര്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഷംസീര്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെ സമൂഹ മാധമങ്ങളില്‍ സിപിഎമ്മിനും ഷംസീറിനും എതിരെ നിരവധി ട്രോളുകളാണ് പുറത്തുവരുന്നത്.
അഡ്വ. ജയശങ്കര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യമുള്ള പരിപാടികളില്‍ പങ്കെടുക്കില്ലെന്ന ഉപാധിയിലാണ് സിപിഎം ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്കരണം പിന്‍വലിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ഷംസീറിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: