തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് കടന്നതോടെ സിപിഎമ്മിന്റെ പതിവ് വ്യാജ പ്രചാരണങ്ങള്‍ക്ക് ഇക്കുറിയും കുറവില്ല. മറ്റ് സന്നദ്ധ സംഘടനകള്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍പോലും സ്വന്തം കീശയിലാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇതിനായി സിപിഎമ്മിന്റെ സൈബര്‍ ഇടങ്ങളില്‍ വലിയ പ്രചാരവേലയ്‌ക്ക് തുടക്കമിട്ടു കഴിഞ്ഞു. പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സേവാഭാരതി പണി കഴിപ്പിച്ച നല്‍കിയ വീടുകളിപ്പോള്‍ സിപിഎമ്മിന്റെ ഫെയ്‌സ് ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും പാര്‍ട്ടിയുടെ യുവജന വിഭാഗം നടത്തിയ പ്രവര്‍ത്തനമാണ്.
സേവാഭാരതി തൃശൂര്‍ ചെറുതുരുത്തി ദേശമംഗലം കൊറ്റമ്പത്തൂരില്‍ നിര്‍മ്മിച്ച പതിനേഴ് വീടുകളുടെ ചിത്രമാണ് ഡിവൈഎഫ്‌ഐ നടത്തിയ പ്രവര്‍ത്തമെന്ന നിലയില്‍ ചിത്രീകരിക്കപ്പെടുന്നത്. മൂന്നാര്‍ രാജമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 15 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി ഡിവൈഎഫ്‌ഐയുടെ സാന്ത്വനം എന്ന തലക്കെട്ടും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. ഈ വീടുകളുടെ താക്കോല്‍ദാനം 17ന് നടന്നിരുന്നു.
പിന്നാലെയാണ് സേവാഭാരതിയുടെ പ്രവര്‍ത്തനത്തിന്റെ ക്രഡിറ്റ് തട്ടാനുള്ള സിപിഎം സൈബര്‍ സാഖാക്കളുടെ ശ്രമം. 2018 ആഗസ്ത് 18നുണ്ടായ ഉരുള്‍പൊട്ടലിലാണ് കൊറ്റമ്പത്തൂരിലെ 37 വീടുകള്‍ തകര്‍ന്നത്. നാല്‌പേര്‍ മരിക്കുകയും ചെയ്തിരുന്നു. പുനരധിവാസത്തിന്റെ ഭാഗമായി എഴുപത്തെട്ട് സെന്റ് സ്ഥലം സ്വന്തമായി വാങ്ങിയാണ് സേവാഭാരതി വീടുകള്‍ പണിതത്.
പതിനേഴ് കുടുംബങ്ങളില്‍ ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതം നല്‍കി. മറ്റ് വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ വീട് പണിത് നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. സേവാഭാരതി 37 കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിക്കാന്‍ തയാറായിരുന്നു. രാഷ്‌ട്രീയ കാരണങ്ങള്‍കൊണ്ട് ചിലര്‍ മറ്റ് കുടുംബങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. 750 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പതിനേഴ് വീടുകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. വീടുകളുടെ നിര്‍മ്മാണത്തിന് മാത്രം ഒന്നരക്കോടി രൂപയോളം ചെലവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: