കൊച്ചി: മുന്‍മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ വിജിലന്‍സ് അറസ്റ്റ് ചെയ്യുമെന്ന കാര്യം ചോര്‍ന്നു. ചോര്ത്തിയതാരാണെന്നതിലേ തര്‍ക്കമുള്ളൂ. സര്ക്കാരറിഞ്ഞ്, കേരള പോലീസാണ് വിവരം മുന്മന്ത്രിയെ അറിയിച്ചത്. അതിനാല്‍ അറസ്റ്റിലായെങ്കിലും ഇബ്രാഹിംകുഞ്ഞിന് ജയിലില്‍ പോകേണ്ടി വന്നില്ല.
സിപിഎം സര്‍ക്കാര്‍ രാഷ്ട്രീയ തീരുമാന പ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള വിജിലന്‍സിന്റെ നടപടി. അറസ്റ്റ് വിവരം അറിയിച്ചതും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പോലീസും അല്ലെങ്കില്‍ രാഷ്ട്രീയ ആസൂത്രകര്‍ നേരിട്ടുതന്നെ. ഈ ആസൂത്രണ പദ്ധതിക്കു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വിശാലമാണ്.
കഴിഞ്ഞയാഴ്ച മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് തിരുവനന്തപുരത്തുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് എറണാകുളത്തെ ലേക്ഷോര് ആശുപത്രിയില്‍ എംഎല്‍എ അഡ്മിറ്റായത്. എട്ട് മാസമായി ഇവിടത്തെ ചികിത്സയിലാണ്. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്, അറിയിച്ചാഘോഷിച്ചത്, സ്വര്‍ണ്ണക്കടത്തുള്‍പ്പെടെയുള്ള വിവാദങ്ങളില്‍നിന്ന് ജനശ്രദ്ധ മാറ്റാനാവുമോ എന്ന ഒരു പരീക്ഷണം കൂടിയായിരുന്നു. കിഫ്ബി വിവാദമുയര്‍ത്തി പരീക്ഷണം പരാജയമായിയെങ്കിലും ഒരു കേന്ദ്ര ഏജന്‍സിയെക്കൂടി (സിഎജി) ആരോപണത്തിലാക്കി, അനുഭാവികളുടെ സഹതാപവും പിന്തുണയും നേടാന്‍ സഹായിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നത്.
മുന്മന്ത്രിയെ അറസ്റ്റ് ചെയ്താല്‍ യുഡിഎഫിന്റെ പരസ്യ പ്രതികരണം എങ്ങനെയാവുമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോഴത്തെ മന്ത്രിമാരെ ‘പിടികൂടിയാല്‍’ ഏത് നിലപാട് സ്വീകരിക്കാനാവുമെന്ന പരീക്ഷണവും ഇന്നലത്തെ നീക്കത്തിലുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സ്വര്‍ണക്കടത്ത്, ലാവ്ലിന് വിഷയങ്ങളില്‍ സര്‍ക്കാര്‍ വല്ലാതെ ഭയപ്പെടുന്നുണ്ട്.
ഒപ്പം, കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലകറ്റുകയെന്ന രാഷ്ട്രീയ ലക്ഷ്യവും സിപിഎമ്മിനുണ്ട്. ലീഗിന്റെ മൂന്നാമത്തെ എംഎല്‍എയാണ് കേസില്‍ ആകുന്നത്. അഴിമതിയും ക്രമക്കേടുകളും കാട്ടിയതിനുള്ള നിയമ നടപടിയാണ് എം.സി. കമറുദ്ദീന്, കെ.എം. ഷാജി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ ഉള്ളതെങ്കിലും കേസന്വേഷിക്കുന്ന ഏജന്‍സികളുടെ നടപടികള്‍ക്ക് രാഷ്ട്രീയമുണ്ട്. പിണറായി സര്‍ക്കാര്‍ പോലീസ് സംവിധാനത്തെ ഇങ്ങനെ വിനിയോഗിക്കുന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടി ചര്‍ച്ചയാക്കാനാണ്. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവിനെയും, കാരാട്ട് ഫൈസലിനെപ്പോലും, ചോദ്യം ചെയ്ത് നടപടികളുമായി പോകുന്നതല്ലാതെ അറസ്റ്റു ചെയ്തിട്ടില്ല.
ഇബ്രാഹിംകുഞ്ഞിന്റെ കേസിലാകട്ടെ 2018ല്‍ തുടങ്ങിയ നടപടിയാണിപ്പോള്‍ ധൃതിപിടിച്ച അറസ്റ്റ് നടപ്പാക്കിയത്. ഇബ്രാഹിംകുഞ്ഞിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് സ്വര്‍ണക്കടത്ത് അന്വേഷണ നടപടികളില്‍ ബിജെപിക്കൊപ്പമാണെന്ന പ്രചാരണം സിപിഎം ശക്തമാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ് ലീഗിനൊപ്പം ബിജെപിയോട് ചേര്‍ന്ന് എന്ന പരീക്ഷിച്ചു പൊളിഞ്ഞ രാഷ്ട്രീയ ആരോപണം ആവര്‍ത്തിച്ച് പ്രചരിപ്പിക്കുകയാണ് തന്ത്രം. സംസ്ഥാനത്തെ ‘സ്റ്റാര്‍’ നിയമസഭാ മണ്ഡലങ്ങളിലൊന്നായ കളമശ്ശേരിയിലെ രാഷ്ട്രീയക്കളികളിലെ അടിയൊഴുക്ക് ഊഹിക്കാവുന്നതിനുമപ്പുറത്താണ്. അതുകൊണ്ടുതന്നെ അറസ്റ്റ് വാര്‍ത്ത ചോര്‍ന്നതല്ല, ചോര്‍ത്തിയതാണെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: