ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണ്‍ സംഭാഷണം നടത്തി. ബൈഡന് നേടിയ വിജയത്തില്‍ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും ട്വിറ്ററില്‍ അറിയിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇരുവരും തമ്മില്‍ സംസാരിക്കുന്നത്.
‘യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അഭിനന്ദിക്കാനായി അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. ഇന്‍ഡോ-യുഎസ് നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു. കോവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ഇന്‍ഡോ പസിഫിക് മേഖലയിലെ സഹകരണം തുടങ്ങിയ മുന്‍ഗണനാ വിഷയങ്ങളും ആശങ്കകളും പങ്കുവച്ചു’-മോദി ട്വിറ്ററില്‍ കുറിച്ചു.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനെയും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിച്ചതായി പ്രധാനമന്ത്രി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. കമലാ ഹാരിസിന്റെ വിജയം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് വലിയ അഭിമാനവും പ്രചോദനവുമാണ്. ഇന്ത്യ-യുഎസ് ബന്ധത്തിന് കമല വലിയ കരുത്ത് പകരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: