തിരുവനന്തപുരം: സംഗീത സംവിധായകന് രവീന്ദ്രന് മാസ്റ്റര്‍ക്ക് പിറന്ന മണ്ണില്‍ ഒരു സ്മാരകം. രാഷ്ട്രീയം പറഞ്ഞും ചെളിവാരിയെറിഞ്ഞും പതിറ്റാണ്ടു നീണ്ടിട്ടും അത് യാഥാര്‍ത്ഥ്യമായില്ല. രവീന്ദ്രന് മാസ്റ്ററെ ഹൃദയത്തിലേറ്റിയ മലഞ്ചരക്ക് മണിയന് എന്ന എഴുപതുകാരനാണ് ആ പണി തീരാത്ത സ്മാരകത്തില്‍ കാവല്ക്കാരന്.
വീടും കൂടുമില്ല മലഞ്ചരക്ക് മണിയന്.കടത്തിണ്ണകളിലായിരുന്നു അന്തിയുറക്കം. ഉള്ളില്‍ സംഗീതമുണ്ട്. കുളത്തൂപ്പുഴ വനത്തില്‍ നിന്ന് വനവിഭവങ്ങള്‍ ശേഖരിച്ച് വിറ്റായിരുന്നു ഉപജീവനം. രവീന്ദ്രന് മാസ്റ്ററുടെ ഉറ്റ ചങ്ങാതിയുമായിരുന്നു. രവീന്ദ്രന് സ്മാരകത്തിന് ശില വീണതുമുതല്‍ താമസം ഇങ്ങോട്ട് മാറ്റി. ഇപ്പോള്‍ പ്രായാധിക്യത്താല്‍ ജോലിക്ക് പോകാന്‍ കഴിയില്ല. രവീന്ദ്രന്റെ നിത്യസ്മാരകം കാണാനെത്തുന്നവര്‍ നല്കുന്ന ചില്ലറത്തുട്ടുകളാണ് പട്ടിണി മാറ്റുന്നത്. പണിമുടങ്ങിയ സ്മാരകത്തില്‍ കാവല്‍ക്കാരനായി, രവീന്ദ്രന് ഈണമിട്ട പാട്ടുകള്‍ മൂളി മലഞ്ചരക്ക് മണിയന് കാത്തിരിക്കുന്നു അതിഥികളെ.
രവീന്ദ്രന് മാസ്റ്റര്‍ പഠിച്ച കുളത്തൂപ്പുഴ ഗവ. യുപി സ്കൂളിനോട് ചേര്‍ന്നാണ് രാഗസരോവരം എന്ന പേരില്‍ 2009 ല്‍ സ്മാരകത്തിന്റെ നിര്‍മാണം തുടങ്ങിയത്. കവി ഒഎന്‍വി കുറുപ്പാണ് രാഗങ്ങളുടെ പെരുമഴ സൃഷ്ഠിച്ച രവീന്ദ്ര സ്മാരകത്തിന് രാഗസരോവരം എന്നു പേരിട്ടത്. സാംസ്കാരിക വകുപ്പ് നല്കിയ 15 ലക്ഷം രൂപ മുടക്കി നിര്‍മാണം ആരംഭിച്ച രാഗസരോവരത്തിന് ഒരു കോടിയായിരുന്നു നിര്‍മ്മാണ ചിലവ്. പക്ഷേ പിന്നിട് ആരും പണം നല്‍കിയില്ല.
റിപ്പബ്ലിക് ദിനത്തില്‍ ഡോ.കെ.ജെ.യേശുദാസ് ആയിരുന്നു സ്മാരക ശില പാകിയത്. സ്മാരകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ ഒഴിയാതെ 2010ലാണ് നിര്‍മാണം നിലച്ചത്. സ്മാരകം പൂര്‍ത്തിയാക്കാന്‍ രാഗസരോവരം രൂപകല്പന ചെയ്ത ശില്പിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചലുമായി വീണ്ടും പഞ്ചായത്ത് കരാര്‍ ഒപ്പിട്ടതായാണ് അറിവ്. 6 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍. രൂപകല്പനയില് മാറ്റമുണ്ടാവില്ല.
1941 നവംബര്‍ 9 ന് കുളത്തൂപ്പുഴയിലെ കല്ലുവെട്ടാംകുഴിയില്‍ ജനിച്ച് പിന്നീട് അനശ്വര സംഗീത സംവിധായകനായി മാറിയ രവീന്ദ്രന് മാസ്റ്റര്‍ 2005 മാര്‍ച്ച് 3നു 63ാം വയസ്സില്‍ ലോകത്തോടു വിടചൊല്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: