കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം വീട്ടിലെത്തിയെങ്കിലും ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ വീട്ടില്‍ ഇല്ലെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് അദ്ദേഹത്തിന്റ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഐസിയുവിലേക്ക് മാറ്റും മുന്‍പാണ് മുന്‍മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം വൈകീട്ടോടെ ആശുപത്രിയിലേക്ക് പോയെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇബ്രാഹിം കുഞ്ഞ് വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സംഘം വീട്ടിലെത്തിയത്. വീടും പരിസരവും വിജിലന്‍സ് തെരച്ചില്‍ നടത്തി. അറസ്റ്റിനെ മുന്നില്‍ കണ്ട് ആശുപത്രിയിലേക്ക് മാറിയതാണെന്ന് റിപ്പോര്‍ട്ടുണ്ട്. വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരു സംഘം പിന്നീട് ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് പോവുകയായിരുന്നു. മറ്റൊരു സംഘം വീട്ടില്‍ തുടരുകയാണ്.
പാലാരിവട്ടം പാലം അഴിമതിക്കേസിന്റെ അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യാനെത്തിയത്. കേസില്‍ ഇ ശ്രീധരനെ സാക്ഷിയാക്കും. പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലന്‍സ് അദ്ദേഹത്തോട് നേരത്തെ തന്നെ ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ധരോടും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: