കൊച്ചി: പട്ടാപ്പകല്‍ യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അഭിഭാഷകനെ കൊച്ചി കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥി ആക്കി എല്‍ഡിഎഫ്. കൊച്ചി കോര്‍പ്പറേഷനില്‍ പോണേക്കര ഡിവിഷനിലാണ് ഗവ. പ്ലീഡറായിരുന്ന അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന് മത്സരിക്കുന്നത്. ഏറെ വിവാദമായ സംഭവത്തിലെ പ്രതിയായിരുന്നു ധനേഷ് മാത്യു. ധനേഷ് മാത്യുവിന്റെ പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ വലിയ സംഘര്‍ഷം നടന്നത്. അന്ന് ദേശാഭിമാനിയും ഇക്കാര്യം ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു എന്നതാണ് രസകരമായ വസ്തുത. ധനേഷ് മാത്യു മാഞ്ഞൂരാന്റെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ ധനേഷ് മാത്യുവിനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് അഭിഭാഷകര്‍ ആക്രമിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ കൂടാതെ ഓട്ടോ ഡ്രൈവര്‍മാരെയും ഇവര്‍ ആക്രമിച്ചു. തുടര്‍ന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
2016 14ന് രാത്രി ഏഴ് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവമെന്റ് പ്ളീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ധനേഷ് മാത്യു കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാല പൊട്ടിച്ചു കടന്നു കളഞ്ഞുവെന്ന ധാരണയിലാണ് നാട്ടുകാര്‍ പിടികൂടിയെങ്കിലും പീഢനശ്രമമാണെന്ന് യുവതി തുറന്നു പറയുകയായിരുന്നു.
തുടര്‍ന്ന് ധനേഷ് മാത്യുവും അയാളുടെ അഭിഭാഷക സുഹൃത്തുക്കളും നിരന്തരമായി തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്നും യുവതി ആരോപിച്ചിരുന്നു. ധനേഷ് മാത്യു മാഞ്ഞൂരാന് യുവതിയെ കടന്നു പിടിച്ചതായി ദൃക്സാക്ഷിയും മൊഴിനല്‍കിയിരുന്നു. എംജി റോഡില്‍ ഹോട്ടല്‍ നടത്തുന്ന ഷാജിയാണ് സംഭവം നേരില്‍ കണ്ടത്. ധനേഷ് മാത്യു മാഞ്ഞൂരാന് യുവതിയെ കടന്നു പിടിച്ചതായി ഷാജി പറഞ്ഞു. ഹോട്ടലിലേക്ക് പച്ചക്കറി വാങ്ങാന്‍ പോകുന്ന വഴിയാണ് സംഭവം നേരില്‍ കണ്ടതെന്നും ഇത്തരമൊരു സംഭവം ധനേഷ് മാത്യു നിഷേധിച്ച സാഹചര്യത്തിലാണ് മൊഴി നല്കാന് മുന്നോട്ടുവന്നതെന്നും ഷാജി വ്യക്തമാക്കിയിരുന്നുു. സംഭവം പുറത്തറിഞ്ഞതോടെ ഭാര്യ ആത്മഹത്യക്കു ശ്രമിച്ചുവെന്നും ധനേഷിനു തെറ്റുപറ്റിയതാണെന്നും കുടുംബജീവിതം തകര്‍ക്കരുതെന്നും ധനേഷിന്റെ അമ്മയടക്കം കണ്ണീരോടെ അഭ്യര്‍ത്ഥിച്ചിരുന്നു. പല അവസരത്തില്‍ കേസില്‍ നിന്ന് പിന്മാറാന് തനിക്ക് സമ്മര്‍ദ്ദം ഉണ്ടായെന്നും കേസില്‍ നിന്നു പിന്മാറിയെന്ന പ്രചരണം തെറ്റാണെന്നും യുവതി വ്യക്തമാക്കിയിരുന്നു.
ഇത്തരത്തില്‍ ഗുരുതരമായ സ്ത്രീവിരുദ്ധ പ്രവൃത്തി നടത്തിയ അഭിഭാഷകനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നല്‍കിയിരിക്കുന്നത്. കേസ് നടക്കുന്ന സമയത്ത് സിപിഎം മുഖപത്രം ദേശാഭിമാനി നിരവധി റിപ്പോര്‍ട്ടുകള്‍ ധനേഷിനെതിരേ പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: