ഹരിപ്പാട്: ‘എല്ലാ വീടും സന്നിധാനം, എല്ലാര്ക്കും പൊരുളയ്യപ്പന്‍’ എന്ന ലോക നന്മയുടെ സന്ദേശം സാര്‍ത്ഥകമാക്കി ശബരിമല അയ്യപ്പ സേവാ സമാജവും അയ്യപ്പഭക്തജന കൂട്ടായ്മയും ഓണ്‍ലൈനില്‍ 19, 20 തീയതികളില്‍, മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന മേല്‍ശാന്തി സംഗമം നവംബര്‍ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് നടക്കും.
ഒരു ദശാബ്ദത്തിലേറെയായി സ്വാമി അയ്യപ്പന്റെ പാദപൂജകരായിരുന്ന, ഇപ്പോള്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരികളായ ആചാര്യന്മാരുടെ സംഗമം അയ്യപ്പദര്‍ശനം 2020നെ കൂടുതല്‍ ധന്യമാക്കും. ഭക്തജങ്ങള്‍ക്ക് പുത്തന്‍ അനുഭവമാകും.
അയ്യപ്പദര്‍ശനം 2020ന്റെ മുഖ്യ ആചാര്യനായ സുധീര്‍ നമ്പൂതിരിയോടൊപ്പം മുന്‍ മേല്‍ശാന്തിമാരായ വിഷ്ണു നമ്പൂതിരി, ഗോശാല വാസുദേവന്‍ നമ്പൂതിരി, ബാലമുരളി, കൃഷ്ണദാസ് നമ്പൂതിരി, വി.എന്‍. ഉണ്ണികൃഷ്ണന് നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, നാരായണന് നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി, എഴിക്കോട് ശശി നമ്പൂതിരി, ശങ്കരന് നമ്പൂതിരി, ഉണ്ണികൃഷ്ണന് നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.
ഭാരതത്തിനകത്തും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഭക്തജനങ്ങള്‍ക്കും പൂജാകാര്യങ്ങള്‍ പൂര്‍ണ്ണസമയം ദര്‍ശിക്കുവാനും സര്‍വ്വഐശ്വര്യ പൂജയുടെ ഭാഗമാകാനും സാധിക്കും. അതിനായി കൂടുതല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടി മുഴുവന്‍ സമയം പ്രക്ഷേപണം ചെയ്യും.
അയ്യപ്പ ദര്‍ശനം 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക: