കൊച്ചി: കോടതിയെ സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ശ്രമമെന്ന് രൂക്ഷ വിമര്‍ശനവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ കോടതിയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. കേസില്‍ വാദം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വിധി വരാനിരിക്കേ തലേന്ന് ശിവശങ്കര്‍ കോടതിയില്‍ രേഖാമൂലം വാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
തുറന്ന കോടതിയില്‍ ശിവശങ്കര്‍ ഇതുവരെ ഉന്നയിക്കാത്ത വാദങ്ങളാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ ജനവികാരം ഉയര്‍ത്താനും ശിവശങ്കര്‍ ശ്രമിക്കുന്നു. കോടതി നടപടികള്‍ക്ക് ഇത് എതിരാണെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്തുന്നതിനായി ഒരിക്കലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. സ്വര്‍ണക്കടത്തില്‍ തനിക്കുള്ള പങ്ക് വ്യക്തമാക്കുന്നവ ഒഴിവാക്കിക്കൊണ്ടുള്ള രേഖകളാണ് ശിവശങ്കര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. ശിവശങ്കറിന്റെ ആരോപണങ്ങള്‍ കള്ളമാണെന്നും ഇതില്‍ പറയുന്നുണ്ട്.
ശിവശങ്കര്‍ നല്കിയ ജാമ്യ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ഇതിനെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് വാദം ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതിന് സമ്മതിക്കാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തത്. അല്ലാതെ കള്ളക്കടത്തുമായി തനിക്ക് യാതൊരു ബന്ധനും ഇല്ലെന്നുമാണ് ശിവശങ്കറിന്റെ ഹര്‍ജിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: