കൃഷ്ണനാട്ടത്തില്‍ എട്ടു കഥകളാണുള്ളത്. ഈ കളിയുടെ ദൈര്‍ഘ്യം എട്ടു നാഴികയാണ്. അസ്തമയത്തിന് എട്ടുനാഴികക്കു ശേഷം കളി തുടങ്ങി ഉദയത്തിന് എട്ടു നാഴിക മുന്‍പ് അവസാനിക്കുന്ന വിധത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പ്രധാന ചടങ്ങുകളായ അരങ്ങുകേളി മുതല്‍ മംഗള ശ്ലോകം വരെ എട്ടെണ്ണമാണുള്ളത്. അരങ്ങത്തു ഉപയോഗിക്കുന്ന വലിയ കളിവിളക്ക് കത്തിക്കുവാന്‍ എട്ടു നാഴി എണ്ണയും എട്ടുതിരികളുമാണ് പതിവ്. കളിക്ക് പ്രധാനമായും ഉപയോഗിക്കുന്നത് തിരശീല, വിളക്ക്, വാദ്യോപകരണങ്ങളടക്കം എട്ടെണ്ണമാണ്. കളിയിലെ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന ആയുധങ്ങളും ഏട്ടാണ്. എട്ടാം വയസ്സിലാണ് കുട്ടികളെ കളിയോഗത്തില്‍ ചേര്‍ക്കുന്നത്.
നേരത്തെ പരാമര്‍ശിച്ച മുല്ലപ്പൂ ചുറ്റല് എന്ന സവിശേഷനൃത്തരംഗത്തിനും എട്ട് വേഷങ്ങളാണ് വേണ്ടത്. ഈ കാവ്യത്തിലെ അവതാര രംഗത്തിലെ ശ്രീകൃഷ്ണാവതാര ശ്ലോകങ്ങളിലെ എട്ടാമത്തെ പാദത്തിലാണ് ഭഗവാന് അവതരിച്ച ‘പ്രാദുശ്ചക്രേ ‘എന്ന പദം പ്രയോഗിച്ചിരിക്കുന്നത്. ഇതിലെല്ലാം ഉപരിയായി നിരീക്ഷിക്കുമ്പോള്‍ ദേവകിയുടെ അഷ്ടമ പുത്രനായി അഷ്ടമിതിഥിയിലാണല്ലോ ശ്രീകൃഷ്ണന് അവതരിച്ചിരിക്കുന്നതും. ഈ എട്ട് കഥകളുടെയും ഫലശ്രുതിയും ദേവസ്വം ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവതാരം ഇഷ്ടസന്താനലബ്ധിക്കും, സ്വയംവരം മാംഗല്യ ഭാഗ്യത്തിനും തുടങ്ങി വ്യത്യസ്ത ഫലപ്രാപ്തികളാണ് ഫലശ്രുതിയില്‍ പറയുന്നത്.
1658 ഫെബ്രുവരി16 നാണ് മാനവേദരാജ തീപ്പെട്ടത്. ഗുരുവായൂര്‍ പാഞ്ചജന്യം കോംപ്ലക്സില്‍ അന്ത്യവിശ്രമസ്ഥലത്ത് ഒരു പ്രതിമയും സമാധിമണ്ഡപവും നിര്‍മിച്ച് നിത്യവും സന്ധ്യാ ദീപം തെളിയിച്ചുവരുന്നു. ‘മാനവേദരാജാവ് ശ്രീകൃഷ്ണനെ അനുസന്ധാനദ്വാര പരോക്ഷമായിട്ടെങ്കിലും ദര്ശിച്ചിരിക്കാമെന്നതിന്നു സംശയമില്ല ‘എന്ന മഹാകവി ഉള്ളൂരിന്റെ വാക്യം പ്രത്യേകം സ്മരണീയമാണ്. ഭട്ടതിരിയുടെ നാരായണീയരചനപോലെ തന്നെ പ്രത്യക്ഷ ഭഗവത്ദര്ശനത്തിനു ശേഷമാണ് ഈ മഹനീയകാവ്യ നിര്‍മ്മിതിയും സാദ്ധ്യമായതെന്ന് ഉറച്ചു വിശ്വസിക്കാം.
പി.കെ. മുരളീധരന് രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: