പത്ത് ആസിയാന്‍ രാജ്യങ്ങളും ചൈനയുള്‍പ്പെടെ അഞ്ച് ഏഷ്യ-പസഫിക് രാജ്യങ്ങളും വിയറ്റ്നാമില്‍ ഒപ്പുവച്ച ആര്‍സിഇപി എന്ന മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ചേരാതിരുന്ന ഭാരതത്തിന്റെ തീരുമാനം ഒരുവിധത്തിലുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതും, യാഥാര്‍ത്ഥ്യബോധത്തില്‍ അധിഷ്ഠിതവുമാണ്. ലോകജനസംഖ്യയുടെ 30 ശതമാനവും ഉള്‍പ്പെടുന്നതാണ് ഈ കരാറെങ്കിലും ഭാരതത്തിന്റെ പിന്മാറ്റത്തോടെ പ്രതീക്ഷിച്ച നേട്ടങ്ങളുണ്ടാക്കാന്‍ അതിന് കഴിയില്ല. ഭാരതവും കൂടി പങ്കാളിയാകുമായിരുന്നെങ്കില് ലോകജനസംഖ്യയുടെ 50 ശതമാനവും, ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 40 ശതമാനവും കരാറിന്റെ പരിധിയില്‍ വരുമായിരുന്നു. ഇതില്‍ നിന്നുതന്നെ ഭാരതത്തിന്റെ തീരുമാനം എത്ര നിര്‍ണായകമാണെന്ന് വ്യക്തമാവുന്നു. ഭാരതത്തിന് എപ്പോള്‍ വേണമെങ്കിലും ഭാഗമാവാമെന്ന ഉദാര വ്യവസ്ഥകളോടെയാണ് കരാര്‍ നിലവില്‍ വന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ ഭരണകാലത്ത് ഒപ്പുവച്ച സ്വതന്ത്ര വാണിജ്യ കരാറുകളുടെ കെടുതികളില്‍ നിന്ന് രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍സിഇപിയില്‍ ചേരേണ്ടതില്ലെന്ന തീരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ടത്. ആസിയാന്‍ രാജ്യങ്ങളുമായും ദക്ഷിണ കൊറിയയുമായും യുപിഎ ഭരണകാലത്ത് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. പിന്നീട് മലേഷ്യയുമായും ജപ്പാനുമായും കരാറുണ്ടാക്കി. ഈ കരാറുകള്‍ ഭാരതത്തിന്റെ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്ക് എതിരായിരുന്നു.
ആര്‍സിഇപി വാണിജ്യ കരാറാണെങ്കിലും ചൈനയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുമായി അത് ബന്ധപ്പെട്ടു കിടക്കുന്നു. ‘വണ്‍ റോഡ് വണ്‍ ബെല്‍റ്റ്’ പദ്ധതിയിലൂടെ മേഖലയില്‍ ആധിപത്യത്തിനു ശ്രമിക്കുന്ന ചൈന ആര്‍സിഇപി കരാറും അതിന് ഉപയോഗിക്കും. ഈ തിരിച്ചറിവ് യുപിഎ സര്‍ക്കാരിനില്ലായിരുന്നു. മോദി സര്‍ക്കാരിന് അതുണ്ട്. ഒന്നാം യുപിഎ ഭരണകാലത്തു തന്നെ പ്രധാനമന്ത്രി മന്മോഹന് സിങ് ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യത ആരായുകയുണ്ടായി. ഇത് സംഭവിച്ചിരുന്നെങ്കില്‍ ആഭ്യന്തര വ്യവസായം തകര്‍ന്നടിയുമായിരുന്നു. ചൈനയുമായുള്ള ഇത്തരം സ്വതന്ത്ര വ്യാപാര കരാറുകള്‍ ഭാരതത്തിന് ഗുണം ചെയ്യില്ല. പത്ത് വര്‍ഷത്തെ യുപിഎ ഭരണകാലത്ത് ആസിയാന്‍ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ വാണിജ്യകമ്മി പതിനൊന്നിരട്ടിയാണ് വര്‍ധിച്ചത്. ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 50 ബില്യണ്‍ ഡോളറിന്റേതായിരുന്നു. അതായത് ചൈനയുമായി മാത്രമല്ല, ആസിയാന്‍ രാജ്യങ്ങളുമായിപ്പോലും സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാക്കുന്നത് ഭാരതത്തിന്റെ താല്‍പ്പര്യത്തിന് എതിരാവാമെന്നാണ് ഇതിനര്‍ത്ഥം. 2009-19 കാലയളവില്‍ ഭാരതത്തിലേക്കുള്ള ദക്ഷിണ കൊറിയയുടെ കയറ്റുമതി കുതിച്ചുയര്‍ന്നപ്പോള്‍ ആ രാജ്യത്തേക്കുള്ള നമ്മുടെ കയറ്റുമതി വര്‍ധന വളരെ കുറവായിരുന്നു.
രാഷ്ട്രീയ തര്‍ക്കങ്ങളും വാണിജ്യ കരാറുകളും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്ന വാദം ചൈനയുടെ കാര്യത്തില്‍ ഭാരതത്തിന് സ്വീകരിക്കാനാവില്ല. നമ്മുടെ വിപണി പിടിച്ചടക്കി വാണിജ്യ താല്‍പ്പര്യങ്ങളെ അട്ടിമറിക്കുകയെന്നത് ചൈനയുടെ ദുഷ്ടലാക്കാണ്. ഇതിന് നിന്നുകൊടുക്കില്ലെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരസ്യപ്രഖ്യാപനം തന്നെയാണ് ആര്‍സിഇപിയില്‍ ചേരില്ലെന്ന തീരുമാനം. ഇപ്പോഴത്തെ നിലയില്‍ ആര്‍സിഇപി കരാറില്‍ പങ്കാളിയായാല്‍ ചൈനയുടെ വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഭാരത വിപണിയില്‍ കുമിഞ്ഞുകൂടും. ‘മേക്ക് ഇന്‍ ഇന്ത്യ’പോലുള്ള പദ്ധതികളുടെ സദ്ഫലങ്ങള്‍ ഇല്ലാതാവുകയും ചെയ്യും. ആര്‍സിഇപി കരാറിന്റെ നിക്ഷേപ വിഭാഗത്തില്‍ പറയുന്നത് ചില രാജ്യങ്ങള്‍ക്ക് ഉറ്റമിത്ര പദവി നല്‍കുമെന്നാണ്. എന്നാല്‍ നയതന്ത്രപരവും സൈനികവുമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി പൊതു അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ഇങ്ങനെയൊരു പദവി നല്‍കുന്നത് ഒഴിവാക്കണമെന്ന് ഭാരതം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കപ്പെട്ടില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവയുടെയും, സേവന മേഖലകളിലെ അവസരങ്ങളുടെയും കാര്യത്തില്‍ ഭാരതം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ നിരാകരിക്കപ്പെട്ടതും കരാറില്‍ ചേരാനില്ലെന്ന തീരുമാനത്തിലേക്ക് നയിച്ചു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയും, ജനങ്ങള്‍ക്ക് ഗുണകരമാവുമോ എന്നു നോക്കിയും മാത്രമേ ഏതൊരു കരാറിലും ഒപ്പുവയ്ക്കാനാവൂ എന്ന മോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ആര്‍സിഇപി കരാറില്‍ ഒപ്പുവയ്ക്കാതിരുന്നതില് തെളിയുന്നത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: